വയനാട്: ഉറങ്ങി എഴുന്നേൽക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമായി കുത്തിയൊലിച്ചെത്തിയ ഉരുൾ ഒരു ഗ്രാമത്തെ ഒന്നടങ്കം വിഴുങ്ങിയത്. ഇന്ന് മുണ്ടക്കൈ എന്ന ഗ്രാമമില്ല. ജാതിമത ഭേദമന്യേ ചേർത്തുപിടിച്ച നാട്ടുകാർ പലരും തിരിച്ചറിയാൻ സാധിക്കാത്ത വിധം മണ്ണിൽ അലിഞ്ഞു. അവർക്കായുള്ള കൂട്ടകുഴിമാടങ്ങൾ മാത്രമാണ് പുത്തുമലയിൽ ഇപ്പോഴുള്ളത്.
ഉറ്റവരെ നഷ്ടപ്പെട്ട വേദന കടിച്ചമർത്തിയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഓരോ ജീവനും കഴിഞ്ഞു പോകുന്നത്. ദുരിതബാധിതർക്ക് താങ്ങും തണലുമാകാൻ ഹിന്ദു ഐക്യവേദിയും രംഗത്തെത്തി. വയനാട് ദുരന്തത്തിൽപ്പെട്ട് എല്ലാം നഷ്ടപ്പെട്ട അമ്മമാർ ആരെങ്കിലുമുണ്ടെങ്കിൽ താൻ നോക്കിക്കൊള്ളാമെന്നാണ് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ബിജു അരപ്പുര പോസ്റ്റിട്ടിരിക്കുന്നത്.
” എനിക്ക് ഒരു അമ്മയെ തരുമോ? വയനാട് ദുരന്തത്തിൽപ്പെട്ട് എല്ലാം നഷ്ടപ്പെട്ട അമ്മമാർ ആരെങ്കിലും ഉണ്ടെങ്കിൽ ആ അമ്മയെ എനിക്ക് തരാമോ? കണ്ണിലെ കൃഷ്ണമണി പോലെ ഞാൻ കാത്തുകൊള്ളാം. സ്‌നേഹിച്ച് കൊതിതീരും മുമ്പ് ഞങ്ങളെ വിട്ടുപിരിഞ്ഞ എന്റെ സ്വന്തം അമ്മയെ പോലെ ഞാൻ നോക്കിക്കൊള്ളാം..”- ബിജു കുറിച്ചു.

അമ്മമാർ നഷ്ടപ്പെട്ട കുട്ടികളെ ഒരുപാട് പേർ ദത്തെടുക്കാൻ തയ്യാറായി രംഗത്തെത്തിയിരുന്നു. എന്നാൽ എല്ലാം നഷ്ടപ്പെട്ട വയോധികരായവരെ ദത്തെടുക്കാൻ ആരുമില്ലെങ്കിൽ അവരെ ദത്തെടുക്കാൻ സന്നദ്ധത കാണിച്ച് നീതു ജയേഷ് എന്ന യുവതിയും രംഗത്തെത്തി. മക്കളും ഉറ്റവരും നഷ്ടപ്പെട്ട അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാൻ ഞങ്ങൾ തയാറാണെന്ന് നീതുവും ഫെയ്‌സ്ബുക്കിൽ കുറിച്ചു.















