ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര സെമിക്ക് ഒരു രാത്രിയുടെ ദൂരം. ലോക ചാമ്പ്യന്മാരായ ജർമനിയാണ് എതിരാളികൾ. ബ്രിട്ടനെതിരെ നടത്തിയ വീറുറ്റ പേരാട്ടത്തിനൊടുവിലാണ് ഇന്ത്യ സെമി ബെർത്ത് ഉറപ്പിച്ചത്. 45 മിനിട്ടിലേറെ 10 പേരുമായാണ് ഇന്ത്യ കളിച്ചത്. ഇന്ത്യയുടെ പോരാട്ടം നയിച്ച പി.ആർ ശ്രീജേഷ് ആണ് ആരാധകരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാക്കിയത്.
ഇതുവരെ നേർക്കുനേർ വന്നപ്പോഴെല്ലാം ഇന്ത്യക്കായിരുന്നു മുൻതൂക്കം. 18 മത്സരങ്ങളിലാണ് ഇരുവരും മുഖാമുഖം വന്നത്. എട്ടു തവണ ജയം ഇന്ത്യക്കൊപ്പം നിന്നപ്പോൾ 6 തവണ പരാജയം രുചിക്കേണ്ടിവന്നു. നാല് മത്സരങ്ങൾ സമനിലയായി. ഇന്ത്യ 41 തവണ ജർമനിയുടെ വലകുലുക്കിയപ്പോൾ അവർ 37 ഗോളുകളും നേടി. ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ പോരാട്ടത്തിലാണ് ഇന്ത്യയും ജർമനിയും ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയത്.
അന്ന് 5-4ന് ജർമനിയെ വീഴ്‌ത്തി ഇന്ത്യ വെങ്കലം നാട്ടിലെത്തിച്ചു. അവസാനം ഏറ്റുമുട്ടിയ ആറു മത്സരത്തിൽ അഞ്ചിലും ജയിച്ചത് ഇന്ത്യയാണ്.എഫ്ഐഎച്ച് പ്രോ ലീഗിൽ ജർമനി 3-2ന് ഇന്ത്യയെ കീഴടക്കിയിരുന്നു.മത്സരം നാളെ രാത്രി 10.30നാണ് സ്പോർട്സ് 18 ചാനലുകളിൽ തത്സമയം കാണാനാകും. ജിയോ സിനിമയിൽ ലൈവ് സ്ട്രീമും ഉണ്ടാകും.















