ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് എത്തിയതോടെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്രം. പ്രധാന നേതാക്കൾക്കിടയിൽ ദ്രുതഗതിയിലുള്ള ചർച്ചകൾ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങളും പുതിയ സംഭവ വികാസങ്ങളെയും കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു.
അതേസമയം രാജ്യം വിട്ട് ഇന്ത്യയിലെ ഗാസിയാബാദിലുള്ള ഹിൻഡൺ എയർ ബേസിലെത്തിയ ഷെയ്ഖ് ഹസീനയെ വിദേശകാര്യ ഉപദേഷ്ടാവ് അജിത് ഡോവൽ സന്ദർശിച്ചു.ഇരുവരും ചർച്ച നടത്തിയതായാണ് വിവരം. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയ്‌ക്കൊടുവിൽ അജിത് ഡോവൽ എയർ ബേസിൽ നിന്നും മടങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോക്സഭയിലെ വർഷകാല സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ബംഗ്ലാദേശ് പ്രതിസന്ധിയെ കുറിച്ച് ചർച്ചകൾ നടത്തി.
കലാപം രൂക്ഷമായ സാഹചര്യത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജിവച്ച് സഹോദരിയ്‌ക്കൊപ്പം രാജ്യം വിട്ടത്. സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യ ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യയും ഇൻഡിഗോയും ധാക്കയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി അറിയിച്ചു.