പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ഇന്ന് നിരാശയുടെ രാത്രി. പുരുഷന്മാരുടെ ബാഡ്മിൻ്റണിൽ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യയുടെ ഏഴാം സീഡ് ലീ സി ജിയയോടാണ് യുവതാരം പരാജയപ്പെട്ടത്. ഇതോടെ ഈ ഇനത്തിൽ ഇന്ത്യയുടെ പ്രതീക്ഷകളും അസ്തമിച്ചു.
ആദ്യ ഗെയിം 21-13ന് സ്വന്തമാക്കിയ ശേഷമാണ് ലക്ഷ്യാ സെൻ അടിയറവ് പറഞ്ഞത്. രണ്ടാം ഗെയിമിൽ 8-3ന് ലീഡ് നേടിയ സെൻ ഒടുവിൽ 21-16ന് പരാജയപ്പെടുകയായിരുന്നു. രണ്ടാം ഗെയിമിലും മൂന്നാം ഗെയിമിലും ലക്ഷ്യ മെഡിക്കൽ ടൈം ഔട്ട് എടുത്തു. വലത് കൈയ്‌ക്കുണ്ടായ പരിക്കും താരത്തിന്റെ പ്രകടനത്തെ ബാധിച്ചു. മൂന്നാം ഗെയിമിൽ 21-11 ന് ലക്ഷ്യ പരാജയപ്പെടുകയായിരുന്നു. ഇതോടെ മത്സരവും കൈവിട്ടു. ഒളിമ്പിക്സ് ബാഡ്മിന്റണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന സ്വപ്നവും ഇനിയും അകലെയായി.
കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സുകളിലും ഇന്ത്യ ബാഡ്മിൻ്റണിൽ മെഡൽ നേടിയിരുന്നു. എന്നാൽ ഇത്തവണ ഒന്നും ലഭിച്ചില്ല. അതേസമയം 68 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം നിഷ ദഹിയക്ക് വെല്ലുവിളിയായി പരിക്ക്. 8-1ന് മുന്നിൽ നിന്ന താരം അവസാന നിമിഷം നോർത്ത് കൊറിയൻ താരത്തിന് മുന്നിൽ അടിയറവ് പറഞ്ഞു. മത്സരം അവസാനിക്കാൻ 12 മിനിട്ട് ശേഷിക്കെയാണ് താരത്തിന് നിന്ന് അർഹമായ ജയം കൈകലെ നഷ്ടമായത്. 10-8 നായിരുന്നു താരത്തിന്റെ തോൽവി.