പാരിസ് ഒളിമ്പിക്‌സ് ഹോക്കി ക്വാർട്ടർ ഫൈനൽ. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടതോടെ ഗ്രേറ്റ് ബ്രിട്ടന്റെ കളിക്കാരെ ഒരു ഭയം പിടികൂടി. എതിരാളികളെ പേടിപ്പെടുത്തുന്ന ഗോസ്റ്റും ഇന്ത്യക്ക് ആത്മവിശ്വാസമേകുന്ന ഗോട്ടുമായ ആ മലയാളിയുടെ പേരാണ് പി ആർ ശ്രീജേഷ്. പേരിലെ പി ആറിനെ പ്രിയപ്പെട്ടവനെന്ന് ചേർത്ത് വിളിക്കുകയാണ് ഇന്ത്യൻ കായികലോകം. ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാൾ. പാരിസ് ഒളിമ്പിക്‌സിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച ശ്രീജേഷ്, അവസാന ടൂർണമെന്റിൽ ആടിതിമിർക്കുകയാണ്.
ക്വാർട്ടറിൽ 10 പേരായി ചുരുങ്ങിയ ടീമിനെ ശ്രീജേഷ് ഒറ്റയ്‌ക്ക് ചുമലിലേറ്റി. ഷൂട്ടൗട്ടിലടക്കം തകർപ്പൻസേവുകൾ. ടീം ഗെയിമാണെങ്കിലും ഇന്ത്യൻ ഹോക്കി ടീമിനെ ശ്രീജേഷ് ഒറ്റയ്‌ക്ക് ജയിപ്പിച്ചത് എത്രയോ മത്സരങ്ങളിലാണ്. എണ്ണിയാൽ ഒടുങ്ങാത്തത്ര സേവുകൾ. ഒരു ഒളിമ്പിക്‌സ് സ്വർണത്തിലേക്ക് ശ്രീജേഷിന് മുന്നിലുള്ളത് രണ്ട് ജയങ്ങൾ മാത്രം. രണ്ടും ജയിച്ച് രണ്ടാം ഒളിമ്പിക്‌സ് മെഡലുമായി ശ്രീജേഷ് ചിരിച്ചുകൊണ്ട് പാരിസിൽ നിന്ന് കേരളത്തിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗോൾ വലയ്‌ക്ക് മുന്നിൽ അയാളുള്ളപ്പോൾ ടീം ഇന്ത്യക്ക് ആത്മവിശ്വാസമാണ്. എതിർടീമിന്റെ കൗശലങ്ങളും തന്ത്രങ്ങളും തകർത്തെറിയുന്ന കോട്ടയാണ് ശ്രീജേഷെന്ന് അവർക്കറിയാം. ഒരിക്കൽ കൂടി ശ്രീജേഷിൽ വിശ്വാസമർപ്പിച്ച് ടീമിറങ്ങും.
വിരമിക്കൽ പ്രഖ്യാപിച്ച ശ്രീക്ക് സ്വർണം നൽകിയാണ് നന്ദി പറയേണ്ടതെന്ന് അവർക്കറിയാം. കിരീടം നേടി സമ്പൂർണനായ മെസിയെ പോലെ ടി20 കിരീടം നേടി അർമ്മാദിച്ച കോലിയെയും രോഹിത്തിനെയും പോലെ ശ്രീജേഷ് ചിരിക്കട്ടെ..! കഴുത്തിലൊരു സ്വർണമെഡലണിഞ്ഞ് പ്രകാശത്തിന്റെ നാട്ടിൽ കൂടുതൽ പ്രകാശിക്കട്ടെ. അവസാന അങ്കമേതെന്ന് താൻ തന്നെ തീരുമാനിക്കുമെന്ന മനസുമായാണ് പാരിസിൽ ശ്രീജേഷ് ആടിതിമിർക്കുന്നത്. ആ കാവൽക്കാരൻ പാരിസിൽ നിന്ന് മടങ്ങുമ്പോൾ സ്വർണം കഴുത്തിലുണ്ടാകട്ടെയെന്ന് ആശംസിക്കുകയാണ് കായികലോകം.