വയനാട്ടിലെ ഉരുൾപൊട്ടൽ കവർന്നെടുത്ത ജീവനും ജീവിതങ്ങളും അനവധിയാണ്. ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തുവച്ച പ്രിയദർശിനിയുടെ പ്രിയതമനെ കവർന്നതും അതേ ഉരുൾപൊട്ടൽ തന്നെ. മധുവിധുവിനായി കേരളത്തിലേക്ക് വന്ന ഒഡിഷ സ്വദേശികളായിരുന്നു അവർ. വയനാട്ടിലെ പ്രകൃതിഭംഗി ആസ്വദിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളിലൂടെ ഇരുവരും കടന്നുപോകുന്നതിനിടെയായിരുന്നു പ്രിയദർശിനിയുടെ നല്ലപാതിയെ ഉരുളെടുത്തത്. ഇനി അവൾ പ്രിയതമനില്ലാതെ ഒഡിഷയിലേക്ക് മടങ്ങുകയാണ്. മണ്ണിലും കല്ലിലും ഉരഞ്ഞുണ്ടായ പോറലുകൾ മാത്രമാണ് അവൾക്കിനി കൂട്ട്.

ദുരന്തമുണ്ടാകുന്നതിന്റെ തലേദിവസമായിരുന്നു പ്രിയദർശിനിയും ഭർത്താവ് ബിഷ്ണുപ്രസാദ് ചിന്നാരയും ചൂരൽമലയിലെത്തിയത്. പ്രിയദർശിനിയുടെ സുഹൃത്ത് സ്വീകൃതിയും അവരുടെ ഭർത്താവ് സ്വാധിൻ പാണ്ടെയും ഒപ്പമുണ്ടായിരുന്നു. ഭുവനേശ്വറിൽ നഴ്സാണ് പ്രിയദർശിനി. ഭർത്താവ് ബിഷ്ണുപ്രസാദ് ഭുവനേശ്വർ എയിംസിലെ ഡോക്ടറായിരുന്നു. ഇരു ദമ്പതികളും ചൂരൽമലയിലെ റിസോർട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അന്നേദിവസം രാത്രി ഉരുൾപൊട്ടി, പ്രിയദർശിനിയും സുഹൃത്ത് സ്വീകൃതിയും കഴുത്തൊപ്പം ചളിയിൽ മുങ്ങിയെങ്കിലും രക്ഷാകരങ്ങൾ അവരെത്തേടിയെത്തി. ഭർത്താക്കന്മാരെ തിരയുമ്പോഴേക്കും രണ്ടാമത്തെ ഉരുൾ പൊട്ടി. അതോടെ രക്ഷാപ്രവർത്തകർ അവരെ സുരക്ഷിത സ്ഥലത്തേക്ക് മാറി.
കഴിഞ്ഞ ദിവസമായിരുന്നു ചൂരൽമലയിൽ നിന്ന് ബിഷ്ണുപ്രസാദിന്റെ മൃതദേഹം ലഭിച്ചത്. അത് നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സ്വീകൃതി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഭർത്താവ് സ്വാധിൻ പാണ്ടെയെ ഇതുവരെ കണ്ടുകിട്ടിയിട്ടുമില്ല.