കലാപ കലുഷിതമായ ബംഗ്ലാദേശിൽ നിന്നും പ്രധാനമന്ത്രി പദം രാജിവച്ച ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്ന് പാർലമെന്റ് സമ്മേളനത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് സ്ഥിരീകരിച്ചു. ഇന്ത്യയിലേക്ക് വരണമെന്ന് ഷെയ്ഖ് ഹസീന പെട്ടന്ന് അറിയിക്കുകയായിരുന്നുവെന്നാണ് എസ് ജയശങ്കർ പറഞ്ഞത്.
സൈനിക ഹെലികോപ്റ്ററിൽ സഹോദരിക്കൊപ്പം രാജ്യം വിട്ട ഹസീനയ്‌ക്ക് ഇന്ത്യയിൽ അഭയം തേടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. ഇതിന് ഹസീനയെ പ്രേരിപ്പിച്ച ഘടകം ഇരു രാജ്യങ്ങളും നിലനിർത്തിപോരുന്ന നല്ല രീതിയിലുള്ള ഉഭയകക്ഷിബന്ധം മാത്രമല്ല. രാഷ്‌ട്രീയത്തിൽ കാലുറപ്പിച്ചിട്ടില്ലാത്ത കാലത്തും ഒറ്റദിവസം കൊണ്ട് ഉറ്റവരെ നഷ്ടപ്പെട്ടപ്പോൾ ഹസീനയ്‌ക്ക് രക്ഷാകരം നൽകി ചേർത്തുപിടിച്ച രാജ്യമാണ് ഇന്ത്യ.

1975 ഓഗസ്റ്റ് 15 നാണ് ബംഗ്ലാദേശിന്റെ സ്ഥാപക പിതാവും ബംഗ്ലാദേശ് അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീനയുടെ പിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാൻ ക്രൂരമായി കൊലചെയ്യപ്പെടുന്നത്. പുതുതായി രൂപീകരിച്ച രാജ്യത്തിന്റെ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്ത് നാലുവർഷം കഴിയുമ്പോഴാണ് ഹസീനയുടെ പിതാവും ഒപ്പം ൧൮ കുടുംബാംഗങ്ങളും വധിക്കപ്പെടുന്നത്. ഇത് രാജ്യത്തെ രാഷ്‌ട്രീയ അസ്ഥിരതയിലേക്കും പട്ടാള ഭരണത്തിലേക്കും തള്ളിവിട്ടു.

ആ സമയത്ത് ഷെയ്ഖ് ഹസീന തന്റെ ഭർത്താവ് എംഎ വസീദ് മിയയ്‌ക്കൊപ്പം പശ്ചിമ ജർമ്മനിയിലായിരുന്നു. മറ്റ് വഴികളൊന്നുമില്ലാതെ, അവർ ഇന്ത്യയിൽ അഭയം തേടി. പാകിസ്താനെതിരെ 1971ൽ നടന്ന ബംഗ്ലാദേശിലെ വിമോചനസമരത്തിൽ നിർണായക പങ്ക് വഹിച്ച രാജ്യം കൂടിയാണ് ഇന്ത്യ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ ഷെയ്ഖ് ഹസീനയ്‌ക്ക് സഹായഹസ്തം നീട്ടി. അവർക്ക് സുരക്ഷിതത്വവും പാർപ്പിടവും നൽകി. ഡൽഹിയിലാണ് രണ്ട് കുട്ടികളുൾപ്പെടെയുള്ള ഹസീനയുടെ കുടുംബം അതീവ രഹസ്യമായി താമസിച്ചിരുന്നത്. ഹസീനയുടെ ഭർത്താവിന് ജോലി നൽകാനും അന്നത്തെ ഇന്ത്യൻ ഭരണകൂടം തയാറായി.

ഈ കാലഘട്ടം പിന്നീട് ഹസീനയുടെ രാഷ്‌ട്രീയ ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്ന ബന്ധങ്ങൾ രൂപീകരിക്കാൻ അവരെ അനുവദിച്ചു. ആറ് വർഷത്തിന് ശേഷം, 1981 മെയ് 17 ന്, ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങി. അവിടെ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കും ഉയർന്നു. എങ്കിലും ഇന്ത്യയിലെ നേതാക്കളുമായി ശക്തമായ വ്യക്തിബന്ധം ഹസീന കാത്തുസൂക്ഷിക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധിയിലും ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയതിന് പിന്നിലും ഇ സംഭവങ്ങൾക്ക് നിർണായക പങ്കുണ്ട്.















