ഗഗൻയാൻ ദൗത്യത്തിന് കാലതാമസം വരുത്തുകയല്ല മറിച്ച് സഹായിക്കുകയാണ് ചെയ്യുകയെന്ന് ഇന്തോ-അമേരിക്കൻ സംയുക്ത ദൗത്യമായ ആക്സിയം-4നെക്കുറിച്ച് ഇസ്രോ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) നാല് പേരെ അയക്കുന്ന ആക്സിയം-4 ദൗത്യം ഗഗൻയാൻ ദൗത്യത്തിനും അതിന്റെ ഭാഗമാകുന്ന പൈലറ്റുകൾക്കും വലിയ ഗുണം ചെയ്യുമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് പ്രതികരിച്ചു.
ദൗത്യത്തിന് വേണ്ട തയ്യാറെടുപ്പുകളുടെയോ മുന്നൊരുക്കങ്ങളുടെയോ കാര്യത്തിൽ രണ്ട് ദൗത്യങ്ങളും തമ്മിൽ ബന്ധമില്ല. ഗഗൻയാൻ ദൗത്യത്തിനുള്ള തയ്യാറെടുപ്പുകൾ വളരെ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. ചെറിയ കാലതാമസം ഇടയ്‌ക്ക് സംഭവിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണെങ്കിലും അത് ആക്സിയം-4 ദൗത്യം കാരണമല്ല. ഗഗൻയാൻ ദൗത്യത്തിന് കൂടുതൽ ഗുണകരമാകുന്ന ദൗത്യമാണ് ISSലേക്കുള്ള യാത്ര.
മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകളെക്കുറിച്ച് ഇസ്രോയ്‌ക്ക് അനുഭവപരിചയമില്ല. അതിനാലാണ് ഫ്രഞ്ച്, റഷ്യൻ, അമേരിക്കൻ വിദഗ്ധരുടെ പരിശീലനത്തെ ആശ്രയിക്കുന്നത്. ഇന്ത്യയിലെ ഗഗൻയാത്രികർ റഷ്യൻ മാതൃകയിൽ പരിശീലനം നേടിക്കഴിഞ്ഞു. അവർ ഇനി യുഎസിലും പരിശീലനം നേടും. ഗഗൻയാത്രികരുടെ തയ്യാറെടുപ്പ്, പരിശീലനം, ആരോഗ്യം, ക്രൂ മൊഡ്യൂളിന്റെ സവിശേഷതകൾ എന്നിവയെല്ലാം നിരീക്ഷിച്ച് ഇസ്രോയ്‌ക്ക് തയ്യാറെടുപ്പുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ പ്രതികരിച്ചു.
ഗഗൻയാൻ ദൗത്യത്തിനായി നാല് വ്യോമസേന പൈലറ്റുമാരെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ
ശുഭാൻഷു ശുക്ല ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമാണ്. ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബാക്കപ്പ് പൈലറ്റുമായിരിക്കും. ഈ സാഹചര്യത്തിലാണ് ഗഗൻയാൻ ദൗത്യത്തിന് കാലതാമസം വരുത്താൻ ആക്സിയം-4 കാണമായേക്കുമെന്ന ചർച്ചകൾ ഉയർന്നത്.















