ജയ്പൂർ: രാജസ്ഥാനിൽ വിധാൻ സഭയ്‌ക്കുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥയെ കടിച്ച സംഭവത്തിൽ കോൺഗ്രസ് എംഎൽഎയ്‌ക്ക് സസ്‌പെൻഷൻ. ലഡ്‌നുവിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ മുകേഷ് ഭാക്കറെയാണ് സ്പീക്കർ സസ്‌പെൻഡ് ചെയ്തത്. സഭയ്‌ക്കുള്ളിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതായാണ് പരാതി.
ഭജൻ ലാൽ സർക്കാരിലെ ഒരു മന്ത്രിക്ക് നിയമപരമായ സ്ഥാനം നൽകിയതുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കാൻ മുകേഷ് ഭാക്കർ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. സഭയിൽ ഇരിക്കുമ്പോൾ ഭാക്കർ നടത്തിയ ആംഗ്യങ്ങളെ സ്പീക്കർ എതിർത്തു. സ്ഥിതിഗതികൾ വഷളാവുകയും കോൺഗ്രസ് നേതാവിനോട് സഭയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതിൽ പ്രതിഷേധിച്ച് ഭാക്കറും കോൺഗ്രസ് എംഎൽഎമാരും സഭയുടെ നടുത്തളത്തിൽ ഇരുന്ന് പ്രതിഷേധിച്ചു. സ്‌പീക്കറുടെ നിർദ്ദേശമനുസരിച്ച് ഇവരെ പിടിച്ചു പുറത്താകാൻ എത്തിയ രണ്ട് സുരക്ഷാജീവനക്കാരെയാണ് മുകേഷ് ഭാക്കർ ആക്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ സ്ത്രീയുമാണ്. ഇവരെയാണ് കോൺഗ്രസ് നേതാവ് കടിച്ചതായി ആരോപണം ഉയർന്നത്. മാപ്പുപറയാൻ കോൺഗ്രസ് തയാറായില്ല. തുടർന്ന് 6 മാസത്തേക്ക് മുകേഷ് ഭാക്കറെ സസ്‌പെൻഡ് ചെയ്യുകയായിരുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ ബിജെപി ചീഫ് വിപ്പ് ജോഗേശ്വർ ഗാർഗ് പറഞ്ഞു.















