ന്യൂഡൽഹി: ദേശീയ കൈത്തറി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തുടനീളമുള്ള കൈത്തറിയുടെ സമ്പന്നവും ഊർജ്ജസ്വലവുമായ പാരമ്പര്യത്തിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.
“ദേശീയ കൈത്തറി ദിനത്തിൽ ആശംസകൾ! നമ്മുടെ രാജ്യത്തുടനീളമുള്ള കൈത്തറിയുടെ സമ്പന്നവും ഊർജ്ജസ്വലവുമായ പാരമ്പര്യത്തിൽ അഭിമാനിക്കാം.നമ്മുടെ കരകൗശല വിദഗ്ധരുടെ പ്രയത്നങ്ങളെയും വിലമതിക്കുന്നു, തദ്ദേശീയതയ്‌ക്കായി ശബ്ദമാകാനുള്ള (വോക്കൽ ഫോർ ലോക്കൽ ) പ്രതിബദ്ധതയെയും മുറുകെ പിടിക്കുന്നു” സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ മോദി പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും ആശംസകൾ നേർന്നു. “സ്വദേശിയിലൂടെ ആത്മാഭിമാനത്തിന്റെ ആത്മാവ് കാത്തുസൂക്ഷിക്കുകയും ഇന്ത്യൻ സംസ്കാരം നിലനിർത്തുകയും ചെയ്യുന്ന കൈത്തറി വ്യവസായത്തിലെ എല്ലാ നെയ്‌ത്തുതൊഴിലാളികൾക്കും വ്യവസായികളായ സഹോദരങ്ങൾക്കും ദേശീയ കൈത്തറി ദിന ആശംസകൾ നേരുന്നു.കൈത്തറിയിലൂടെ തദ്ദേശീയമായ ഉത്പന്നങ്ങൾ നിർമ്മിച്ച് സ്വാശ്രയവും സമൃദ്ധവുമായ ഇന്ത്യയെന്ന സ്വപ്നം വിവരിക്കുന്നതിൽ നമുക്കെല്ലാവർക്കും പങ്കെടുക്കാം,” മുഖ്യമന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
പത്താമത് ദേശീയ കൈത്തറി ദിനം ഇന്ന് ദേശീയ തലസ്ഥാനത്തെ വിജ്ഞാൻ ഭവനിൽ ആഘോഷിക്കും. ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ മുഖ്യാതിഥിയാകും. കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രി ഗിരിരാജ് സിംഗ്, വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിത എന്നിവർ ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തെ ആയിരത്തിലധികം നെയ്‌ത്തുകാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിൽ കൈത്തറിമേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നെയ്‌ത്തുകാർക്ക് സംത് കബീർ അവാർഡുകളും ദേശീയ കൈത്തറി അവാർഡുകളും വിതരണം ചെയ്യും.