തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിഷന്റെ മുൻ പരിശീലകൻ എം.മനുവിനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. പരിശീലകൻ ലൈംഗികാതിക്രമം നടത്തിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി. ശാരീരികക്ഷമത പരിശോധിക്കാൻ എന്ന വ്യാജേന പെൺകുട്ടികളോട് നഗ്നചിത്രങ്ങൾ എടുക്കാൻ നിർബന്ധിച്ചു. ഇതുപയോഗിച്ച് നിരവധ തവണ പലയിടത്തും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി. പരിശീലനത്തിന്റെ മറവിൽ പ്രതി പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു.
ചിത്രങ്ങൾ മറ്റാർക്കെങ്കിലും ഷെയർ ചെയ്തതായി തെളിവുകളില്ല.നിശ്ചിത സമയപരിധിക്കുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. പൊലീസ് റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ ഹർജിക്കാർക്ക് ഹൈക്കോടതിയുടെ നിർദ്ദേശം.കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രജീഷ് ശശി ആണ് റിപ്പോർട്ട് സമർപ്പിച്ചത്.
പരിശീലകന്റെ അതിക്രമങ്ങൾക്ക് ഇരയായ കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതുവരെയുള്ള അന്വേഷണത്തിൽ പരിശീലകൻ മാത്രമാണ് കേസിലെ പ്രതിയെന്നും മറ്റാർക്കെങ്കിലും പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.