തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ലിഫ്റ്റ് വീണ്ടും തകരാറിൽ. രോഗികൾക്ക് പോകാൻ കഴിയാത്ത വിധം ലിഫ്റ്റിന്റെ മുകളിൽ നിന്നും വെളളം ചോരുകയാണെന്നാണ് റിപ്പോർട്ട്. അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റാണ് തകരാറിലായത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റ് തകരാറിലാകുന്നത് ഇതാദ്യമായല്ല. ഒ.പി ബ്ലോക്കിലെ ലിഫ്റ്റിൽ ഉള്ളൂർ സ്വദേശി രവീന്ദ്രൻ 42 മണിക്കൂർ കുടുങ്ങിയത് അടുത്തിടെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണയാണ് ലിഫ്റ്റ് തകരാറിലായത്. ഇത്തവണ ലിഫ്റ്റിലെ വെള്ളത്തിന്റെ ചോർച്ചയാണ് പ്രശ്നം. രോഗികൾക്ക് പോകാൻ കഴിയാത്ത വിധം ലിഫ്റ്റിന്റെ മുകളിൽ നിന്നും വെളളം ചോർന്നൊലിക്കുകയാണ്.
അത്യാഹിതം പോലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളിലെ ലിഫ്റ്റാണ് തുടർച്ചയായി പണിമുടക്കുന്നത്. വെള്ളത്തിന്റെ ചോർച്ച താത്കാലികമായി തടയാൻ ബക്കറ്റുകളിൽ വെള്ളം ശേഖരിച്ച് പുറത്തേക്കൊഴുക്കുകയാണ്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കുമെന്ന് പറയുന്ന സംസ്ഥാന സർക്കാർ അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം ഉറപ്പു വരുത്തേണ്ടതെന്ന് രോഗികൾ ആവശ്യപ്പെടുന്നു.















