യാഷിന്റെതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ടോക്സിക്. ഗീതു മോഹൻ ദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് എട്ടിന് ആരംഭിക്കും. ബെംഗളൂരുവാണ് സിനിമയുടെ ലൊക്കേഷൻ. ചിത്രീകരണത്തിന് മുന്നോടിയായി നിർമാതാവ് വെങ്കട്ട് കെ. നാരായണയ്‌ക്കും അവരുടെ കുടുംബത്തിനുമൊപ്പം കർണാടകയിലെ വിവിധ ക്ഷേത്രങ്ങൾ യാഷ് ദർശനവും നടത്തിയിരുന്നു.
കർണാടകയിലെ ശ്രീ സദാശിവ രുദ്ര സൂര്യ ക്ഷേത്രം, ധർമ്മസ്ഥലയിലെ ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രം, കർണാടകയിലെ സുബ്രഹ്മണ്യയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിങ്ങളിലാണ് ദർശനം നടത്തിയത്. സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും ഇവരോടൊപ്പം ഉണ്ടായിരുന്നു.
2023 ഡിസംബര്‍ 8 ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ടോക്സിക്. ചിത്രീകരണം ആരംഭിക്കുന്ന നാളത്തെ തീയതിയും എട്ടാണ്. യാഷുമായി എട്ടാം നമ്പറിന് ശക്തമായ ബന്ധമാണുള്ളത്. ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോണപ്‌സി’ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ദിവസവും അദ്ദേഹത്തിന്റെ ജന്മദിനവും എല്ലാം എട്ടാം തീയതിയാണ്.