തിരുവനന്തപുരം: ബിൽ അടയ്‌ക്കാത്തതിനെ തുടർന്ന് വീട്ടിലേക്കുള്ള കണക്ഷൻ വിച്ഛേദിച്ചതിൽ പ്രകോപിതനായ മദ്ധ്യവയസ്‌കൻ കെഎസ്ഇബി ഓഫീസ് അടിച്ചു തകർത്തു. തിരുവല്ലം മേനില്ലം സ്വദേശി അജികുമാറാണ് ആക്രമണം നടത്തിയത്. വൈദ്യുതി വിച്ഛേദിച്ചതിൽ പ്രകോപിതനായ ഇയാൾ മദ്യലഹരിയിൽ ആക്രമണം നടത്തുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെഎസ്ഇബിയുടെ തിരുവല്ലം ഓഫീസിലെത്തിയ ഇയാൾ പ്രധാന വാതിൽ അടിച്ചു തകർക്കുകയും കമ്പ്യൂട്ടർ, ലാൻഡ് ഫോൺ, എന്നിവ എടുത്ത് നിലത്തടിക്കുകയും, ജനാലകളുടെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച കെഎസ്ഇബി ജീവനക്കാർക്കും മർദനമേറ്റു. ലൈൻമാൻ സജി, സുദർശനൻ, ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അജികുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗുണ്ടാ സംഘത്തിലുൾപ്പെട്ട ആളാണ് അജികുമാറെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ച് വഴിയാത്രക്കാരനെ ഇടിച്ച കേസുൾപ്പെടെ നിരവധി കേസുകൾ വിവിധ ജില്ലകളിലായുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.