പ്രകാശത്തിന്റെ നഗരമായ പാരിസിൽ നിന്നാണ് ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ പടിയിറങ്ങുന്നത്. രാജ്യത്തിന്റെ കാവലാളായി ഗോൾമുഖത്ത് ഒന്നര ദശാബ്ദത്തോളം നിറസാന്നിധ്യമായിരുന്ന പി ആർ ശ്രീജേഷ് കേരളത്തിനും അഭിമാനമായി മാറി. കരിയറിയിലെ അവസാന മത്സരത്തിനിറങ്ങുന്നതിന് മുമ്പ് വൈകാരിക കുറിപ്പ് പങ്കുവച്ചിച്ചിരിക്കുകയാണ് ശ്രീ.വിശ്വാസിച്ചതിനും പിന്തുണച്ചതിനും രാജ്യത്തിന് നന്ദിയെന്നും മത്സരത്തിനിറങ്ങും മുമ്പ് അഭിമാനം കൊണ്ട് ഹൃദയം നിറയുകയാണെന്നും ശ്രീജേഷ് കുറിച്ചു.
”അവസാന മത്സരത്തിൽ ഗോൾപോസ്റ്റിൽ നിൽക്കുമ്പോൾ ഹൃദയം അഭിമാനം കൊണ്ട് വീർപ്പുമുട്ടുകമായണ്. സ്വപ്‌നം കണ്ട ഒരു കുട്ടിയിൽ നിന്ന് രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നവനിലേക്കുള്ള യാത്ര അസാധാരണമായിരുന്നില്ല. ഇന്ന് ഞാൻ രാജ്യത്തിനായി അവസാനമായി കളത്തിലിറങ്ങും. കരിയറിലെ സേവുകളും ഡൈവുകളും ആരാധകരുടെ പിന്തുണയും എന്നും ഹൃദയത്തിലുണ്ടാകും. വിശ്വാസിച്ചതിനും പിന്തുണച്ചതിനും രാജ്യത്തിന് നന്ദി. ” ശ്രീജേഷ് കുറിച്ചു.
വെങ്കല മെഡൽ പോരാട്ടത്തിനായി ഇന്ത്യൻ ഹോക്കി ടീം ഇന്നിറങ്ങും. സ്‌പെയിനാണ് എതിരാളികൾ. വൈകിട്ട് 5.30ന് ആരംഭിക്കുന്ന മത്സരം സ്‌പോർട്‌സ് 18 നെറ്റ്വർക്കിലും ജിയോ സിനിമയിലും തത്സമയം കാണാം.നാല് ഒളിമ്പിക്‌സുകളുടെ ഭാഗമാകുന്ന ആദ്യ ഇന്ത്യൻ ഗോൾകീപ്പറായ ശ്രീജേഷ് ലോകത്തിലെ ഏറ്റവും മികച്ച കാവൽക്കാരനായി രണ്ടുതവണ തിരഞ്ഞടുക്കപ്പെട്ടു. ആ മികവിന് രാജ്യം അർജ്ജുനയും പത്മശ്രീയും ഖേൽരത്‌നയും നൽകി ആദരിച്ചു.