ഒളിമ്പിക്‌സ് ഹോക്കിയിലെ ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ സന്തോഷമെന്ന് ശ്രീജേഷിന്റെ കുടുബം. മെഡലോടെ വിരമിക്കാനുള്ള ശ്രീജേഷിന്റെ സ്വപ്‌നം സഫലമായെന്ന് കുടുംബം പ്രതികരിച്ചു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് കിഴക്കമ്പലത്ത വീട്ടിൽ കുടുംബാംഗങ്ങളും നാട്ടുകാരും വിജയം ആഘേഷിച്ചത്. അവസാന മിനിറ്റുകളിലെ ശ്രീജേഷിന്റെ തകർപ്പൻ പ്രകടനമാണ് ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം മെഡൽ സമ്മാനിച്ചത്.
മകന്റെ നേട്ടത്തിൽ സന്തോഷമെന്നും ദൈവത്തിന് നന്ദിയെന്നും അച്ഛൻ പറഞ്ഞു. സെമിയിൽ തോറ്റതിന് ശേഷം ശ്രീജേഷിന് വലിയ വിഷമമായിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താൽ ഇന്ന് മെഡൽ നേടി. ശ്രീയുടെ വിരമിക്കലിൽ വിഷമമില്ല. അവൻ കുറച്ചുനാൾ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കട്ടെ. ജി വി രാജയിലേക്ക് അവൻ പോയതിൽ വിഷമമായിരുന്നെന്നും ഇന്ന് അതോർത്ത് അഭിമാനം തോന്നുന്നുവെന്നും അമ്മ പറഞ്ഞു. മെഡൽ നേടുമെന്ന് ഉറപ്പ് നൽകിയാണ് മകനെ മത്സരത്തിന് പറഞ്ഞയച്ചതെന്നും അമ്മ കൂട്ടിച്ചേർത്തു.
കണ്ണീർ പൊഴിച്ചാണ് അച്ഛന്റെ മെഡൽ നേട്ടത്തിൽ മക്കളായ ശ്രീഅൻഷും അനുശ്രീയും സന്തോഷിച്ചത്. ”ദൈവത്തിന് നന്ദി. കരിയർ ബെസ്റ്റ് പെർഫോമൻസോടെ മേജർ ടൂർണമെന്റ് കളിച്ച് റിട്ടയർ ചെയ്യണമെന്നായിരുന്നു വിരമിക്കലിനെ കുറിച്ച് ശ്രീ പറയാറുള്ളത്. കായിക ലോകത്തെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി രാജ്യത്തിന് അഭിമാനമായി വിരമിക്കൽ ആഘോഷിക്കാൻ കഴിയുന്നതിലും മറ്റൊരു നേട്ടമില്ല. ശ്രീജേഷിന്റെ ഹോക്കിയോടുള്ള അഭിനിവേശത്തിന് ദൈവം കൊടുത്ത സമ്മാനമായാണ് ഇതിനെ കാണുന്നത്. ഹോക്കി സ്റ്റിക്കിൽ എന്റെയും മക്കളുടെയും പേരുണ്ടായിരുന്നു.” – ഭാര്യ അനീഷ്യ പ്രതികരിച്ചു.
ശ്രീജേഷിന്റെ ചിറകിലേറിയുള്ള ഇന്ത്യൻ ടീമിന്റെ വിജയത്തിൽ വളരെ അധികം സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് സഹോദരൻ ശ്രീജിത്ത് പറഞ്ഞു. ഒളിമ്പിക്‌സ് മെഡൽ നേട്ടത്തോടെയുള്ള വിരമിക്കൽ ഇരട്ടി മധുരമാണെന്നും അദ്ദേഹം പറഞ്ഞു.















