ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ നേരുന്നതായും രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ തുടർച്ചയായി ഒളിമ്പിക്സ് ഹോക്കിയിൽ നേടുന്നത്. രാജ്യത്തെ ഹോക്കിയുടെ ഉയർത്തേഴുന്നേൽപ്പിൽ ടീം പ്രശംസ അർഹിക്കുന്നുണ്ട്. ടീമിന്റെ സ്ഥിരതയാർന്ന പ്രകടനവും പോരാട്ടവീര്യവും മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മെഡൽ നേട്ടത്തിൽ ഹോക്കി ടീമിനെ അഭിനന്ദിച്ചു. തലമുറകൾ ഓർക്കാൻ പോകുന്ന വിജയമാണ് പാരിസിലേതെന്നും രാജ്യത്ത് ഹോക്കിയുടെ ജനപ്രീതി ഉയരാൻ ഈ വിജയം സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കായിക മേഖലയ്‌ക്ക് ആവേശം പകരുന്നതാണ് ഹോക്കി ടീമിന്റെ മെഡൽ നേട്ടം. രാജ്യത്തിന്റെ അഭിമാനമുയർന്നെന്നും ആഭ്യന്തര മന്ത്രി എക്‌സിൽ കുറിച്ചു.
52 വർഷങ്ങൾക്ക് ശേഷമാണ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ തുടർച്ചയായി മെഡൽ നേടുന്നത്. സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നിലനിർത്തിയത്. നായകൻ ഹർമൻ പ്രീത് സിംഗാണ് രണ്ട് ഗോളുകളും നേടിയത്. മാർക്ക് മിറാലസിന്റെ വകയായിരുന്നു സ്പെയ്നിന്റെ ഗോൾ. ഗോൾമുഖത്തെ പി ആർ ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇന്ത്യൻ ജഴ്‌സിലെ ശ്രീജേഷിന്റെ അവസാന മത്സരമായിരുന്നു ഇത്. പാരീസ് ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.















