കളമൊഴിഞ്ഞ കാവലാളിന് ഹൃദയത്തിൽ നിന്ന് നന്ദിയും ആശംസകളുമറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ‘അടിപൊളി’ എന്ന് തുടങ്ങുന്ന കുറിപ്പാണ് കായികലോകത്തെ കീഴടക്കുന്നത്. വർഷങ്ങളായി ഹൃദയത്തിൽ സൂക്ഷിച്ച ലക്ഷ്യം ഇന്ന് യാഥാർത്ഥ്യമായെന്നും കായികലോകത്തോടുള്ള ശ്രീജേഷിന്റെ സമർപ്പണവും പ്രതിബദ്ധതയും ആവേശവും സമാനതകളില്ലാത്തതാണെന്നും സച്ചിൻ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യക്കായി രണ്ടാം വെങ്കലം നേടിയ മത്സരം ഗംഭീരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ശ്രീജേഷെന്ന ഇതിഹാസത്തെ ഇന്ത്യൻ ഹോക്കി ലഭിച്ചത് ഭാഗ്യമാണ്. നിങ്ങളുടെ പ്രയ്തനങ്ങൾക്കും ത്യാഗങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ജീവിതത്തിന്റെയും കരിയറിന്റെയും രണ്ടാം പകുതിക്ക് ആശംസകൾ നേരാനും സച്ചിൻ മറന്നില്ല.
ഹോക്കിക്ക് വേരോട്ടമില്ലാത്ത മലയാള മണ്ണിൽ നിന്നെത്തി രാജ്യത്തിന്റെ ഏറ്റവും വിശ്വസ്തനായ ഗോൾ കീപ്പറായി ദീർഘകാലം കളിച്ച് ഇതിഹാസം രചിച്ചാണ് പിആർ ശ്രീജേഷ് കരിയറിന് തിരശീലയിട്ടത്. ഗോൾപോസ്റ്റിലെ അസാധാരണമായ മിടുക്കുകൾ കൊണ്ട് ‘സൂപ്പർമാൻ’ എന്ന വിളിപ്പേര് നേടിയെടുത്ത ശ്രീജേഷിനെ ‘ഇന്ത്യൻ ഹോക്കിയുടെ വൻമതിൽ’ എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ വാഴ്‌ത്തിയിരുന്നത്.
20 വർഷം നീണ്ട കരിയറിനാണ് പാരിസിൽ ഫുൾസ്റ്റോപ്പിട്ടത്. രാജ്യത്തിനായി 336 മത്സരങ്ങളിലായി 15 മെഡലുകളും അദ്ദേഹം രാജ്യത്തിനായി സമ്മാനിച്ചാണ് പടിയിറക്കം.















