ബെംഗളൂരു: മുഡ അഴിമതിയിൽ കുരുങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാവി തുലാസിലായെന്നുറപ്പാകുമ്പോൾ ഇനി ആരെന്നുള്ള ചർച്ചയിലേക്ക് കടക്കുകയാണ് കോൺഗ്രസ് നേതാക്കൾ. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അകറ്റി നിർത്താൻ പതിനെട്ടടവും പയറ്റുകയാണ് സിദ്ധരാമയ്യ പക്ഷം.
അതിനിടെ സിദ്ധരാമയ്യയുടെ ഉറച്ച അനുയായിയായി കണക്കാക്കപ്പെടുന്ന കർണാടക സഹകരണ മന്ത്രി കെഎൻ രാജണ്ണ പുതിയ വിവാദത്തിന് തിരികൊളുത്തിപൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിക്ക് ഭാവിയിൽ മുഖ്യമന്ത്രിയാകാൻ കഴിയുമെന്ന് രാജണ്ണ പ്രസ്താവിച്ചു..ഒരു സ്വകാര്യ ടിവി ചാനലിനോട് സംസാരിക്കുകയായിരുന്നു രാജണ്ണ.
സതീഷും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം വഷളായെന്ന വാർത്തകൾ രാജണ്ണ നിഷേധിച്ചു.
“അവരുടെ ബന്ധം ദൃഢമാണ്… നമ്മുടെ സമുദായത്തിൽ നിന്ന് സതീഷിന് ഭാവിയിൽ ഏറ്റവും ഉയർന്ന പദവി (മുഖ്യമന്ത്രി) നേടാനുള്ള അവസരമുണ്ട്,” രാജണ്ണ പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ ഉപമുഖ്യമന്ത്രി തസ്തികകൾ സൃഷ്ടിക്കണമെന്ന് രാജണ്ണ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
മുഡ കേസിൽ ഗവർണർ അനുമതി നൽകിയാൽ സിദ്ധരാമയ്യ രാജിവെക്കുമോയെന്ന ചോദ്യത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഉദാഹരണം രാജണ്ണ ചൂണ്ടിക്കാട്ടി.















