പാൻ മസാല പരസ്യങ്ങളിൽ ഇതുവരെയും പ്രത്യക്ഷപെടാത്ത ചുരുക്കം സെലിബ്രറ്റികളിൽ ഒരാളാണ് ബോളിവുഡ് താരവും പാതിമലയാളിയുമായ ജോൺ എബ്രഹാം. എന്തുകൊണ്ടാണ് വലിയ തുകകൾ വാഗ്ദാനം ചെയ്തിട്ടും താൻ ഇത്തരം പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം വിശദീകരണം നൽകിയത്. ഇത്തരം പരസ്യങ്ങൾ ചെയ്യുന്നത് മരണം വിൽക്കുന്നതിന് തുല്യമാണ്. ഞാൻ പിന്തുടരുന്ന അടിസ്ഥാന മൂലങ്ങൾക്ക് എതിരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
രൺവീർ അള്ളാബാദിയയുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം വാചാലനായത്. “ഒരു വശത്ത്, ഞാൻ ഫിറ്റ്നസിനെക്കുറിച്ചാണ് സംസാരിക്കുന്നത്, മറുവശത്ത്, എനിക്ക് പാൻ മസാല വിൽക്കുന്നതിനായി ഒന്നും ചെയ്യാൻ കഴിയില്ല,” പാൻമസാലയെ അംഗീകരിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതിന്റെ കാരണം അദ്ദേഹം വിശദീകരിച്ചു.
“ഈ പരസ്യങ്ങൾ ചെയ്യുന്ന അഭിനേതാക്കളെ കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്.എന്റെ മാത്രം കാര്യമാണ് സംസാരിക്കുന്നത്. ഞാൻ മരണം വിൽക്കില്ല. ഞാനത് ഒരിക്കലും ചെയ്യില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് മൂല്യങ്ങളുടെ കാര്യമാണ്.”
“പാൻ മസാല വ്യവസായത്തിന് പ്രതിവർഷം 45,000 കോടി രൂപയുടെ വിറ്റുവരവുണ്ട്, അതുകൊണ്ടാണ് സർക്കാരും ഇതിനെ പിന്തുണയ്ക്കുന്നത്, അതിനാൽ ഇത് നിയമവിരുദ്ധമല്ല. നിങ്ങൾക്ക് അതിൽ നിന്ന് ധാരാളം പണം ലഭിക്കും. എല്ലാത്തിനുമൊടുവിൽ, ഉപയോഗിക്കണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. എനിക്കത് അംഗീകരിക്കാനാകില്ല.കാരണം അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നു”.
“ഇത് വിൽക്കുന്നവർ ഇത് പുകയില അല്ലെന്നും ഏലയ്ക്ക ആണെന്നുമാണ് ന്യായീകരിക്കുന്നത്. നിങ്ങൾ എന്താണ് വിൽക്കുന്നതെന്നാണ് എന്റെ ചേദ്യം? മരണമാണ് വിൽക്കുന്നത്.ഇതുമായി നിങ്ങൾക്ക് എങ്ങനെ ജീവിക്കാനാകും”. അദ്ദേഹം കൂട്ടിച്ചേർത്തു.