ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം അമൻ സെഹ്‌റാവത്തിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി. അഭിമാന നിമിഷമാണിതെന്നും, അമൻ സെഹ്‌റാവത്തിന്റെ അർപ്പണബോധവും സ്ഥിരോത്സാഹവും വ്യക്തമാണെന്നും പ്രധാനമന്ത്രി കുറിച്ചു. അമന്റെ ശ്രദ്ധേയമായ നേട്ടം രാജ്യം മുഴുവൻ ആഘോഷമാക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാഷ്‌ട്രപതി ദ്രൗപദി മുർമു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും അമന് അഭിനന്ദനങ്ങൾ അറിയിച്ച് സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ 13-5നാണ് അമൻ പരാജയപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ പോർട്ടറിക്കോ താരം മുന്നിലെത്തിയെങ്കിലും പിന്നീട് അമൻ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
2023 ഏഷ്യൻ ഗെയിംസിലും അമൻ വെങ്കല മെഡൽ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും അമൻ കരസ്ഥമാക്കിയിരുന്നു.
ഹരിയാന സ്വദേശിയായ അമൻ, ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പിക് മെഡൽ ജേതാവ് കൂടിയാണ്. ജൂലൈ 16നാണ് അമന് 21 വയസ് പൂർത്തിയായത്. പി വി സിന്ധുവിന്റെ റെക്കോർഡാണ് അമൻ മറികടന്നത്. 2016 റിയോ ഒളിമ്പിക്‌സിൽ വനിതാ വിഭാഗം ബാഡ്മിന്റണിൽ വെള്ളി നേടുമ്പോൾ സിന്ധുവിന് 21 വയസും ഒരു മാസവും 14 ദിവസവുമായിരുന്നു പ്രായം. പാരിസിൽ ഇന്ത്യയുടെ ആറാം മെഡൽ നേട്ടമാണ് ഇത്. അഞ്ച് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യ കരസ്ഥമാക്കിയത്.