ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ കാണപ്പെട്ട ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്. കത്വയിലെ ഉയർന്ന പ്രദേശങ്ങളിലെ ധോക്കുകളിലാണ് (മൺകുടിലുകൾ) 4 ഭീകരരെ കണ്ടതായുള്ള വിവരങ്ങൾ സ്ഥിരീകരിച്ചത്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ ഇ മൊഹമ്മദിന്റെ നിഴൽ ഗ്രൂപ്പായ കശ്മീർ ടൈഗേഴ്‌സിന്റെ ഭീകരരാണ് രാജ്യത്തേക്ക് നുഴഞ്ഞുകയറിയത്. അതിർത്തി ഗ്രാമങ്ങളിൽ ശക്തമായ തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.
കത്വയിലെ ഉയർന്ന വനപ്രദേശങ്ങളായ മൽഹാർ, ബാനി, സിയോജ്ധർ എന്നിവിടങ്ങളിലെ ധോക്കുകളിലാണ് ഭീകരരെ അവസാനമാമായി കണ്ടത്.ഭീകരരെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ നൽകുന്ന ആർക്കും തക്കതായ പാരിതോഷികം നൽകുമെന്ന് കത്വ പൊലീസ് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. രേഖാചിത്രം പുറത്തുവിട്ടതിനൊപ്പം ഇറക്കിയ പ്രസ്താവനയിൽ ഒരു ഭീകരന് 5 ലക്ഷം വീതം ആകെ 25 ലക്ഷം രൂപയാണ് വിവരം നൽകുന്നവർക്കുള്ള പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂലൈ 8 ന് കത്വയിൽ സൈനിക പട്രോളിംഗിനിടെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ജൂലൈ 15 ന് ദോഡ ജില്ലയിലുണ്ടായ മറ്റൊരു ഭീകരാക്രമണത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ നാല് സൈനികർ വീരമൃത്യു വരിച്ചു. ജൂൺ 9 നുണ്ടായ റിയാസി ആക്രമണത്തിനുപിന്നിലെ ഭീകരരും ഒളിവിലാണ്. ഇവരുടെയും രേഖാചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.