വയനാട്: ദുരിതബാധിതരുടെ അതിജീവനത്തിനായി ചെയ്യാൻ സാധിക്കുന്ന എല്ലാവിധ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ നാശനഷ്ടങ്ങളാണ് വയനാട്ടിലുണ്ടായിരിക്കുന്നത്. നൂറ് കണക്കിന് ആളുകളുടെ സ്വപ്‌നങ്ങൾ തകർന്നടിഞ്ഞു. ഉരുൾപൊട്ടൽ നാശം വിതച്ച വയനാടിനൊപ്പവും ദുരിത ബാധിതർക്കൊപ്പവും എന്നും നിലകൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
” ഉരുൾപൊട്ടൽ നാശം വിതച്ച ദുരന്ത ഭൂമിയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്താൻ സാധിച്ചു. അപകടത്തിൽപ്പെട്ടവരോട് സംസാരിച്ചു. ദുരന്തത്തിൽപ്പെട്ടവരുടെ ഭാവി ഭദ്രമാക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനായി കേന്ദ്ര സർക്കാരിന് ചെയ്യാൻ സാധിക്കുന്ന എല്ലാവിധ സഹായങ്ങളും നൽകും. ദുരന്തത്തിൽപ്പെട്ടവർ ഒറ്റയ്‌ക്കല്ല, കേന്ദ്രസർക്കാർ അവർക്കൊപ്പം എന്നും നിലകൊള്ളും.”- പ്രധാനമന്ത്രി പറഞ്ഞു.
പാക്കേജ് സംബന്ധിച്ച വിഷയങ്ങളിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും പണം തടസമാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം പ്രതിസന്ധികളിൽ സർക്കാരുകൾ ഒരുമിച്ച് നിൽക്കണം. കേരളം വിശദമായി മെമ്മോറണ്ടം നൽകിയാൽ ആവശ്യമായ പരിഹാരം കേന്ദ്രസർക്കാർ ചെയ്യുമെന്നും
പ്രധാനമന്ത്രി വ്യക്തമാക്കി.
വയനാട് ദുരന്തം അറിഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രിയോട് വിവരങ്ങൾ തിരക്കിയിരുന്നു. തുടർന്ന് സൈന്യത്തിന്റെ ഉൾപ്പെടെയുള്ള സഹായങ്ങൾ കേന്ദ്രം നൽകിയിരുന്നു. നാശനഷ്ടങ്ങളുടെ കണക്കുകൾ വിശദമാക്കുന്ന മെമ്മറോണ്ടം കേരളം സമർപ്പിച്ചാൽ ആവശ്യമായ നടപടികൾ സ്വീകരിക്കും.
1979ൽ ഗുജറാത്തിലുണ്ടായ മച്ചു ഡാം ദുരന്തത്തെ കുറിച്ചും അദ്ദേഹം ഓർത്തു. അന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് വൊളന്റിയർ ആയി പ്രവർത്തിച്ച തനിക്ക് പ്രകൃതി പ്രക്ഷോഭങ്ങളുടെ ആഴവും നഷ്ടങ്ങളും മനസിലാക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.