ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന തിരംഗ റാലിയിൽ വൻ ജനപങ്കാളിത്തം. കുട്ടികളും മുതിർന്നവരുമുൾപ്പെടെ ആയിരങ്ങളാണ് ത്രിവർണ പതാകയേന്തി തെരുവുകളിൽ അണിനിരന്നത്.
പുൽവാമ ബോയ്സ് ബിരുദ കോളജിൽ നിന്നും ആരംഭിച്ച റാലി മാർക്കറ്റ് റോഡിലൂടെ പുൽവാമ വനിതാ ബിരുദ കോളേജിൽ സമാപിച്ചു. റാലിയിലുടനീളം സൈനികർ സുരക്ഷയൊരുക്കി. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സ്വാതന്ത്ര്യ സമരസേനാനികളുടെ സ്‌മൃതി കൂടീരങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുഷ്‌പാർച്ചന നടത്തി.പുൽവാമ ഡെപ്യൂട്ടി കമ്മീഷണർ ബശറത്ത് ഖയൂം ഐഎഎസ്, എസ്പി പി ഡി നിത്യ ഐപിഎസ് എന്നിവരാണ് റാലി നയിച്ചത്.
സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യത്തുടനീളം നടക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായാണ് പുൽവാമയിലും തിരംഗ റാലി സംഘടിപ്പിച്ചത്. ഇത് ആദ്യമായാണ് പുൽവാമയിലെ നഗര പ്രദേശത്തിലൂടെ റാലി സംഘടിപ്പിക്കുന്നത്. ജനങ്ങളിൽ ദേശീയ ബോധം വളർത്താനും ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു യാത്ര സംഘടിപ്പിച്ചതെന്ന് പുൽവാമ എസ്പി മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വർഷം ആസാദ് കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുൽവാമയിൽ നടന്ന ‘മേരി മിട്ടി മേരാ ദേശ്’ തിരംഗ യാത്രയിലും ജനങ്ങൾ വലിയതോതിൽ പങ്കെടുത്തിരുന്നു.