ധാക്ക: വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള ആതിഥേയ അവകാശം നിലനിർത്താൻ അവസാന ശ്രമങ്ങൾ നടത്തി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. തങ്ങളുടെ പൗരന്മാർക്ക് ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നതിന് ഇന്ത്യ ഉൾപ്പെടയുള്ള രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ വിഷയം യുഎന്നിനോട് സംസാരിക്കുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ യുവജന-കായിക ഉപദേഷ്ടാവായ ആസിഫ് മഹ്മൂദ് പറഞ്ഞു.
അതേസമയം, ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഇപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ടൂർണമെന്റ് മറ്റൊരിടത്തേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുന്നുണ്ടെന്നും മീറ്റിങ്ങിൽ പങ്കെടുത്ത ക്രിക്കറ്റ് ബോർഡുകളെ ഐസിസി അറിയിച്ചു. നിലവിൽ ഓസ്‌ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം (ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്), ഇന്ത്യ, ന്യൂസിലാൻഡ് എന്നീ ഗവൺമെൻ്റുകൾ തങ്ങളുടെ പൗരന്മാരോട് ബംഗ്ലാദേശിലേക്ക് യാത്രചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതാണ് ടൂർണമെൻ്റിന്റെ ആതിഥേയത്വത്തിനുള്ള ഏറ്റവും വലിയ തടസ്സമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) കണക്കാക്കുന്നത്.
യാത്രാ നിരോധനമോ നിയന്ത്രണ പ്രഖ്യാപനങ്ങളോ അതത് സർക്കാരുകൾക്ക് മാത്രമേ പിൻവലിക്കാനാകൂ, ക്രിക്കറ്റ് ബോർഡുകൾക്ക് അവയിൽ വലിയ സ്വാധീനമില്ല. “ചില രാജ്യങ്ങളിൽ യാത്രാ നിയന്ത്രണങ്ങളുണ്ട്, അതിനാൽ ഞങ്ങൾ ഐക്യരാഷ്‌ട്രസഭയുമായി സംസാരിക്കും,” മഹ്മൂദ് പറഞ്ഞു. ബിസിബിയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് ലോകകപ്പ് സംബന്ധിച്ച അനിശ്ചിതത്വം. ആഗസ്റ്റ് 5 ന് അവാമി ലീഗ് സർക്കാരിന്റെ പതനത്തിനുശേഷം അവരുടെ പ്രസിഡൻ്റും മുൻ കായിക മന്ത്രിയുമായ നസ്മുൽ ഹസ്സനെ കാണാതായി. നേരിട്ടോ അല്ലാതെയോ രാഷ്‌ട്രീയ ബന്ധമുള്ള നിരവധി ഡയറക്ടർമാരെയും കണ്ടെത്താനായിട്ടില്ല.















