ന്യൂഡൽഹി: ബംഗ്ലാദേശിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ പാകിസ്താന് പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ. പാകിസ്താനും ചൈനയും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരാണെന്ന ആശങ്ക എല്ലാക്കാലത്തും ഇന്ത്യയ്‌ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിപ്രായം വ്യക്തമാക്കിയത്. ” ബംഗ്ലാദേശിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ പാകിസ്താൻ ഐഎസ്‌ഐക്ക് പങ്കുണ്ടാകാനുള്ള സാധ്യതകളുണ്ട്. ബംഗ്ലാദേശിൽ ധാരാളം ചൈനക്കാരുണ്ട്. ഒരു ചെറിയ സംഭവത്തെ വലുതാക്കി മാറ്റാനുള്ള അവസരമായി ചൈന ഇത് ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇടക്കാല സർക്കാർ ആദ്യമായി പുറത്ത് വിട്ട പ്രസ്താവനകളിൽ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ടാക്കുന്ന യാതൊരു കാര്യവുമില്ലെന്നും” ശശി തരൂർ പറയുന്നു.
ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയ മോദി സർക്കാരിന്റെ നീക്കത്തേയും തരൂർ പ്രശംസിച്ചു. ” ഇന്ത്യ ഷെയ്ഖ് ഹസീനയെ സഹായിച്ചിരുന്നില്ല എങ്കിൽ അത് ഇന്ത്യയ്‌ക്ക് പ്രതികൂലമായി മാറുമായിരുന്നു. നമ്മുടെ സുഹൃത്തിനോട് നമ്മൾ മോശമായി പെരുമാറിയാൽ നാളെ ആരും നമ്മുടെ സുഹൃത്തായിരിക്കാൻ ആഗ്രഹിക്കില്ല. ഷെയ്ഖ് ഹസീന ഇന്ത്യയുടെ സുഹൃത്താണ്. ഒരു സുഹൃത്തിന് ഒരു പ്രശ്‌നമുണ്ടായാൽ അവരെ സഹായിക്കുന്നതിന് നിങ്ങൾ രണ്ടാമതൊന്ന് ആലോചിക്കരുത്. ഇന്ത്യയും അത് തന്നെയാണ് ചെയ്തത്. ഇന്ത്യയിലെത്തിച്ച് അവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിലൂടെ ശരിയായ കാര്യമാണ് ചെയ്തത്.
അവർ എത്ര ദിവസം ഇവിടെ താമസിച്ചു എന്നത് പരിഗണിക്കേണ്ട വിഷയമല്ല. നിങ്ങളൊരു സുഹൃത്തിനെ വീട്ടിലേക്ക് വിളിക്കുമ്പോൾ അവരോട് എപ്പോഴാണ് പോകുന്നത് എന്ന് ചോദിക്കരുത്. മറ്റൊരു രാജ്യത്തേക്ക് പോകുന്നതിനായി മുൻപായി അവർക്ക് കുറേയേറെ കടമ്പകൾ കടക്കേണ്ടതുണ്ട്. അവരുടെ സുരക്ഷ അപകടത്തിലായപ്പോൾ നമ്മൾ അവരോടൊപ്പം നിന്നുവെന്നതിൽ അഭിമാനിക്കുകയാണ് വേണ്ടത്. ഇന്ത്യ എല്ലാക്കാലവും ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. 1971ലും ഇന്ത്യ ബംഗ്ലാദേശിനൊപ്പമായിരുന്നു. ബംഗ്ലാദേശുമായി സൗഹൃദം പുലർത്താത്ത രാജ്യങ്ങൾ ഉണ്ടായിരുന്നു. അപ്പോഴും ഇന്ത്യ നല്ല രീതിയിൽ ബന്ധം കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. ഭാവിയിലും ആ ബന്ധത്തിൽ വിള്ളൽ വീഴരുതെന്നും” ശശി തരൂർ പറയുന്നു.
ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം സംബന്ധിച്ച് കേന്ദ്രസർക്കാർ കൂടുതൽ പ്രതിഷേധം ഉയർത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ” ബംഗ്ലാദേശിൽ വലിയ രീതിയിൽ അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് പറയാൻ സാധിക്കില്ല. ബംഗ്ലാദേശികളായ മുസ്ലീങ്ങൾ ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും സംരക്ഷിക്കുന്നുവെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്ത് വരുന്നുണ്ട്. അതുകൊണ്ട് തന്നെ മോശം കാര്യങ്ങൾക്കിടയിലും നല്ല വാർത്തകൾ സംഭവിക്കുന്നുവെന്നതിൽ സംശയമില്ല. ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന മുഹമ്മദ് യൂനുസിന്റെ പ്രസ്താവന വലിയ പ്രതീക്ഷ നൽകുന്നുവെന്നും” ശശി തരൂർ വ്യക്തമാക്കി.















