ആലപ്പുഴ: തകഴി കുന്നുമ്മയിൽ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയ കേസിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കുഞ്ഞിന്റെ മരണകാരണത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് ഭാഷ്യം. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. സാമ്പിളുകൾ വിശദമായ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയക്കുകയും ചെയ്യും. കൊലപ്പെടുത്തി കുഴിച്ചിട്ടതാണോ പ്രസവത്തിൽ മരിച്ചതാണോ എന്ന കാര്യത്തിൽ
പൊലീസിന് ഇതുവരെയും വ്യക്തതയില്ല. ആലപ്പുഴ വണ്ടാനം മെഡിക്കൻ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയായതോടെ കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹം ആലപ്പുഴയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
കേസിൽ ഒന്നാം പ്രതിയായ യുവതിയെയും രണ്ടാം പ്രതിയായ ആൺ സുഹൃത്തിനെയും റിമാൻഡ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന മൂന്നാം പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി.
പൂച്ചാക്കൽ സ്വദേശിനി പ്രസവിച്ച കുഞ്ഞിനെയായിരുന്നു കുഴിച്ചിട്ടത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് എത്തിയപ്പോൾ യുവതി പ്രസവിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഏൽപ്പിച്ചുവെന്നാണ് യുവതി ആദ്യം പറഞ്ഞത്. എന്നാൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചുവെന്നും മൃതദേഹം മറവുചെയ്യാൻ കാമുകനായ തകഴി സ്വദേശി തോമസ് ജോസഫിനെ ഏൽപ്പിച്ചുവെന്നും യുവതി പിന്നീട് പൊലിസിനോട് പറഞ്ഞു. കുന്നുമ്മ മുട്ടിച്ചിറ ഭാഗത്താണ് കുഞ്ഞിനെ കുഴിച്ചിട്ടത്. യുവതി കുഞ്ഞിനെ കൈമാറിയപ്പോൾ ജീവനില്ലായിരുന്നു എന്നാണ് തോമസിന്റെ മൊഴി.















