ദുബായ്: യുഎഇയിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടി കർശനമാക്കി ദുബായ് ഭരണകൂടം. നിയമലംഘകരായ തൊഴിലുടമകൾക്കുള്ള പിഴ പത്ത് ലക്ഷം ദിർഹം വരെയാക്കി ഉയർത്തിയതായി അധികൃതർ അറിയിച്ചു.
പ്രായപൂർത്തിയാകാത്തവരെ കൊണ്ട് ജോലിയെടുപ്പിക്കുക, പെർമിറ്റില്ലാതെ തൊഴിലാളികളെ നിയമിക്കുക, തൊഴിൽ നൽകാമെന്ന് വാഗ്ദാനം നൽകി രാജ്യത്ത് കൊണ്ടുവന്നശേഷം ജോലി നൽകാതിരിക്കുക, തുടങ്ങിയ തൊഴിൽ നിയമലംഘനങ്ങൾക്കെതിരെയാണ് കടുത്ത ശിക്ഷാ നടപടികൾ പുറപ്പെടുവിച്ചത്. ഇത്തരം നിയമലംഘനങ്ങൾക്ക് ഒരു ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെയാണ് പിഴ ശിക്ഷ.
സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ജീവനക്കാരെ നിയമിച്ചെന്ന് കാണിച്ച് വ്യാജ രേഖയുണ്ടാക്കുന്ന കമ്പനികൾക്കെതിരെ ക്രിമിനിൽ കുറ്റം ചുമത്തിയും നടപടിയെടുക്കും. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചായിരിക്കും സർക്കാർ ക്രിമിനൽ നടപടികളിലേക്ക് കടക്കുക.
പിഴ തുകയുടെ പകുതിയും സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കിയതിന്റെ പേരിൽ ലഭിച്ച സർക്കാർ ആനുകൂല്യങ്ങൾ തിരിച്ചടയ്‌ക്കുകയും ചെയ്താൽ കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും. മന്ത്രാലയത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാൻ കമ്പനികൾ ശ്രമിക്കുന്ന സാഹചര്യത്തിൽ കേസ് കോടതിയുടെ പരിഗണനയിലെത്തും. സെപ്റ്റംബർ ഒന്ന് മുതൽ പൊതുമാപ്പിന് സമാനമായ ആനുകൂല്യം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് അനുകൂലമായ സർക്കാർ നടപടി. താമസം നിയമാനുസൃതമാക്കാൻ രണ്ടുമാസത്തെ ഗ്രേസ് പിരീഡാണ് അനുവദിച്ചിരിക്കുന്നത്.