ന്യൂഡൽഹി: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ സത്യത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനി അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു വിമർശനം.
”ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിലും ലൈംഗികാതിക്രമം നടന്ന സംഭവത്തിലും രാജ്യത്തുടനീളം ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. എന്നാൽ മമത ബാനർജി സർക്കാർ സത്യത്തെ മൂടിവയ്‌ക്കാനും അടിച്ചമർത്താനുമാണ് ശ്രമിക്കുന്നത്. ഈ കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അവരുടെ നീക്കങ്ങൾ തന്നെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യത്തിലേക്ക് ഡോക്ടർമാരെ കൊണ്ടുചെന്ന് എത്തിക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മൗനം പാലിക്കുന്ന ഇൻഡി നേതാക്കൾക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
” ഇൻഡി സഖ്യത്തിലെ നേതാക്കളെല്ലാം അതായത് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി, പ്രിയങ്കാ വദ്ര, മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, ഉദ്ധവ് താക്കറെയുടെ പാർട്ടി, ആം ആദ്മി എന്നിവരെല്ലാം ഈ വിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. സ്വാതി മാലിവാളിന് നേരെ ആക്രമണമുണ്ടായതിലും, സന്ദേശ്ഖാലി വിഷയത്തിലുമെല്ലാം അവർ മൗനം തുടരുകയാണ്. തൃണമൂൽ കോൺഗ്രസിന് കീഴിൽ പൊലീസ് നീതി സാധ്യമാണോ എന്ന് അറിയില്ലെന്നും” ഷെഹ്‌സാദ് പൂനാവല്ല പറയുന്നു.
ഈ മാസം ഒൻപതാം തിയതിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ക്യാമ്പസിനുള്ളിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന തങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ ആശുപത്രി അധികൃതർ ഇത് അവഗണിക്കുകയായിരുന്നുവെന്നും ഡോക്ടർമാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ കൊൽക്കത്ത പൊലീസിൽ വൊളന്റിയറായിരുന്ന സഞ്ജയ് റോയിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ മൂന്ന് പൊതുതാത്പര്യ ഹർജികളും ഫയൽ ചെയ്തിട്ടുണ്ട്.















