ഭാരതീയ വനിതകൾ എല്ലാ മേഖലകളിലും തങ്ങളുടെ പ്രവർത്തനക്ഷമത പ്രദർശിപ്പിച്ചിട്ടുണ്ട്. അത് ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം ആരംഭിച്ച നാൾ തൊട്ടു തുടങ്ങി വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും മേഖലകളിലും എഴുത്തിന്റെയും ടെക്നോളജിയുടെയും മേഖലകളിലും തുടങ്ങി ബഹിരാകാശ രംഗങ്ങളിൽപ്പോലും എക്കാലത്തും ഭാരതത്തിലെ സ്ത്രീകൾ മുൻപന്തിയിലുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ സമയത്ത് ഭാരതത്തിലെ വിവിധ നാട്ടുരാജ്യങ്ങൾ ഭരിച്ചിരുന്ന റാണിമാർ മുതൽ നേരിട്ട് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ മുന്നിൽ നിന്നവരുൾപ്പടെ പ്രതിഭാധനരായ ധാരാളം വനിതകളെ ഭാരതത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഭാരതത്തിനു പുറത്തിരുന്ന് ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി അഹോരാത്രം ശാരീരികമായും മാനസികമായും പ്രവർത്തിച്ച മാഡം ബിക്കാജി കാമ വിശേഷ പ്രശംസയർഹിക്കുന്നു.
ആദ്യമായി വിദേശമണ്ണിൽ ഭാരത പതാക ഉയർത്തിയ ധീരവനിതയാണ് മാഡം ബിക്കാജി കാമ. മദർ ഓഫ് ഇന്ത്യൻ റെവല്യൂഷൻസ് എന്ന പേരിലാണ് അവർ അറിയപ്പെട്ടത്. പാഴ്സി വംശജയായ കാമയും, വീരസവർക്കറും ഒന്നിച്ചാണ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത്. 1907 ഓഗസ്റ്റ് 22ന് ജർമനിയിലെ സ്റ്റാർട്ട് ഗാർഡിലെ ഇൻറർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിൽ മാഡം കാമ, ഫ്ലാഗ് ഓഫ് ഇന്ത്യൻ ഇൻഡിപെൻഡൻസ് എന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തി. അന്ന് ഉയർത്തിയ ആ പതാക ഇന്ന് പൂനെയിലെ മാറാത്ത ആൻഡ് കേസരി ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
മുംബൈയിലെ ഒരു സമ്പന്ന പാഴ്സി കുടുംബത്തിലായിരുന്നു ഭികാജി ജനിച്ചത്. രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാൻ നിന്നിരുന്ന അഭിഭാഷകനായ റുസ്തം കാമയായിരുന്നു അവരെ വിവാഹം ചെയ്തത്. ധാരാളം സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു മാഡം ഭിക്കാജി കാമ. പ്ലേഗ് പടർന്ന് പിടിച്ചിരുന്ന സമയത്ത് രോഗികളെ സഹായിച്ചിരുന്ന അവർക്കും അതേ അസുഖം വന്നെങ്കിലും അതിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് കമ്മിറ്റി ഓഫ് ദ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായിരുന്ന ദാദാഭായി നവറോജിയുടെ പ്രൈവറ്റ് സെക്രട്ടറിയായും മാഡം കാമ പ്രവർത്തിച്ചു. 1905ൽ ഭിക്കാജിയാണ് ഇന്ത്യൻ ഹോം റൂൾസ് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. 1909ൽ വന്ദേമാതരം തുടങ്ങി പല പ്രസിദ്ധീകരണങ്ങളും അവർ ആരംഭിച്ചു. സമ്പന്നയായ അവർ തന്റെ സ്വത്തുക്കൾ ഏറെയും പെൺകുട്ടികളുടെ അനാഥാലയത്തിന് നൽകി. സൗത്ത് ഫ്രാൻസിൽ നിന്നും നാടുകടത്തപ്പെട്ട അവർ മരിക്കുന്നതിന് അൽപനാൾ മുൻപ് സ്വദേശമായ മുംബൈയിൽ തിരിച്ചെത്തുകയും മാതൃരാജ്യത്ത് വച്ചുതന്നെ ജീവൻ വെടിയുകയും ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മാഡം ഭിക്കാജി കാമ നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.
എഴുതിയത്
ഡോ. വി.ടി ലക്ഷ്മി വിജയൻ