ആലപ്പുഴ: മുസ്ലിം ലീഗ് മതേതര പാർട്ടിയല്ലെന്ന് ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി ജോർജ്. ലീഗ് വർഗീയ നിലപാട് സ്വീകരിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തൊടുപുഴ നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് സ്ഥാനാർത്ഥി ഹിന്ദുവായതു കൊണ്ടാണ് ലീഗ് വോട്ട് മറിച്ചത്. യുഡിഎഫിന്റെ ഭാഗമായ ലീഗ് കൗൺസിലർമാർ മുസ്ലീമായ സിപിഎം സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തതെന്നും പി.സി ജോർജ് ആരോപിച്ചു.
“യുഡിഎഫ് മുന്നണിയിലുള്ള ലീഗിന്റെ അഞ്ച് മെമ്പർമാർ സിപിഎം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത്, കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചു. എന്താ കാര്യം, സിപിഎമ്മിന്റെ സ്ഥാനാർത്ഥി മുസ്ലീമും യുഡിഎഫിന്റെ സ്ഥാനാർത്ഥി ഹിന്ദുവുമായിരുന്നു. എന്തൊരു മര്യാദക്കേടാണിത്. അങ്ങനെയെങ്കിൽ മുസ്ലീം ലീഗ് മതേതര പാർട്ടായാണോ? എന്താണ് അവരുടെ രാഷ്‌ട്രീയം? യുഡിഎഫ് മുന്നണിയിൽ തന്നെയാണോ അവർ യഥാർത്ഥത്തിൽ നിലകൊള്ളുന്നത്? കേരളത്തിൽ മുസ്ലീം ഏകീകരണമുണ്ടാക്കി മറ്റുള്ളവരെ നശിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. “- പിസി ജോർജ് ചോദിച്ചു.
തൊടുപുഴ നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിന് പിന്നാലെ ഭിന്നത രൂക്ഷമായതോടെ ഇടുക്കി ജില്ലയിൽ യുഡിഎഫുമായി ഇനി സഹകരിക്കില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂർ അറിയിച്ചിരുന്നു.















