ഷിരൂർ: അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. ഗംഗാവലി പുഴയിൽ മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിലാണ് ഇതു കണ്ടെത്തിയത്. കണ്ടെടുത്ത ജാക്കി അർജുൻ സഞ്ചരിച്ച ലോറിയുടേത് തന്നെയാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. ഇനിയുള്ള തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്താനാകുമെന്നാണ് ഈശ്വർ മാൽപെ പറയുന്നത്. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെയും സംഘവും കരയിലേക്ക് കയറി. നാളെ അതിരാവിലെ തിരച്ചിൽ തുടരുമെന്നാണ് ഈശ്വർ മാൽപെ പറയുന്നത്.
40 അടി താഴ്ചയിൽ നിന്നാണ് ജാക്കി കണ്ടെത്തിയത്. ഏതാണ്ട് ഇതേ സ്ഥലത്ത് തന്നെ ലോറിയുണ്ടാകും. ഇപ്പോൾ വെള്ളം ഏറെക്കുറെ തെളിഞ്ഞിട്ടുണ്ട്. പുഴയിലെ ഒഴുക്കും കുറഞ്ഞു. എല്ലാം വ്യക്തമായി കാണാനാകുന്നുണ്ടെന്നും ഈശ്വർ മാൽപെ അറിയിച്ചു. നാളെ തിരച്ചിലിന് നേവിയുടെ സംഘവുമെത്തും. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ തിരച്ചിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഈശ്വർമാൽപെ അടക്കം നാല് മുങ്ങൽവിദഗ്ധരാണ് നാളെ തിരച്ചിലിന് എത്തുക. നേവി കൂടാതെ എസ്ഡിആർഎഫും എൻഡിആർഎഫും സ്ഥലത്തെത്തും.