വീണ്ടും വിസ വിലക്ക് പ്രഖ്യാപിച്ച് ഒമാൻ. മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ ജോലി ചെയ്യുന്ന നിരവധി മേഖലകളിലാണ് വിലക്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബർ ഒന്ന് മുതലാണ് നിയന്ത്രണം നടപ്പിലാക്കുക. ഇലക്ട്രീഷൻ, ബാർബർ, വെയ്റ്റർ, പെയ്ന്റർ, കൺസ്ട്രക്ഷൻ, ടെയിലറിംഗ്, ലോഡിംഗ്, സ്റ്റീൽ ഫിക്സർ, തുടങ്ങിയ നിരവധി തസ്തികളിലാണ് പുതിയ വിസ അനുവദിക്കില്ലെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഈ തസ്തികകളിലേക്ക് ആറ് മാസത്തെ വിസ വിലക്കാണ് തൊഴിൽ മന്ത്രാലയം പുറത്തറിക്കിയ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. രാജ്യത്ത് നൂറിൽപരം വിഭാഗങ്ങളിൽ വീസ വിലക്ക് നിലവിലുണ്ട്. ഇതിന് പിന്നാലെയാണ് കൂടുതൽ മേഖലകളിലേക്ക് വിലക്ക് വ്യാപിപ്പിക്കുന്നത്.
സെപ്റ്റംബർ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കർശന നയങ്ങളാണ് ഒമാൻ നടപ്പാക്കിവരുന്നത്. ഇത് ഓരോ ആറുമാസം കൂടുംതോറും പുതുക്കിവരികയുമാണ്. ഈ മേഖലകളിലേക്ക് കൂടുതൽ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് വിസ നിയന്ത്രണം ഏർപ്പെടുത്തിയത്. സ്വദേശിവത്കരണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താൻ മന്ത്രാലയം ഓൺലൈൻ സംവിധാനത്തിനും തുടക്കമിട്ടിരുന്നു.













