ന്യൂഡൽഹി: മനുഷ്യരാശി കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് മാമാങ്കത്തിനാണ് 2024ൽ ഇന്ത്യ സാക്ഷ്യം വഹിച്ചതെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഭാരതത്തിൽ വിജയകരമായി പൂർത്തിയാക്കിയ പൊതുതെരഞ്ഞെടുപ്പ് ജനാധിപത്യ രാഷ്‌ട്രങ്ങളെ ശക്തിപ്പെടുത്താൻ പ്രേരിപ്പിക്കുന്നതാണെന്നും രാഷ്‌ട്രപതി പറഞ്ഞു. 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ഇന്ത്യയുടെ എല്ലാ പൗരന്മാർക്കും രാഷ്‌ട്രപതി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.
2024ലെ തെരഞ്ഞെടുപ്പിന് ഇന്ത്യ തയ്യാറായപ്പോൾ വോട്ട് ചെയ്യാൻ അർഹരായവരുടെ എണ്ണം ഏകദേശം 97 കോടിയായിരുന്നു. അതൊരു റെക്കോർഡ് കണക്കാണ്. മനുഷ്യരാശി കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് ലോകം സാക്ഷിയായി. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. സുഗമവും സുതാര്യവും കുറ്റമറ്റതുമായ തെരർഞ്ഞെടുപ്പിൽ പങ്കാളിയാകാൻ അസഹനീയമായ ചൂടിനെ അതിജീവിച്ച് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തി. അതിന് സഹായിച്ച എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ജീവനക്കാർക്കും നന്ദി പറയുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.
78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ അതിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നും ദ്രൗപദി മുർമു പറഞ്ഞു. ദേശസ്‌നേഹികളും ധീരരുമായ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെയും രാഷ്ട്രപതി അനുസ്മരിച്ചു. ഓരോ സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്ന അസുലഭ നിമിഷത്തിന് വരും വർഷങ്ങളിൽ നാം സാക്ഷിയാകുമെന്നും രാഷ്‌ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.