റായ്പൂർ: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയായ ബസ്തറിലുള്ള പതിമൂന്ന് ഗ്രാമങ്ങളിൽ ഇന്ന് സ്വാതന്ത്ര്യദിനത്തിൽ ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയർത്തും. കഴിഞ്ഞ ഏഴ് മാസത്തോളമായി ഈ ഗ്രാമങ്ങളിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ ക്യാമ്പുകൾ തുടങ്ങിയെന്നും, ഓരോ പ്രദേശത്തിന്റെയും വികസനത്തിന് ഇത് വഴിവച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നേർലിഘാട്ട്, പാനിഡോബിർ, ഗുണ്ടം, പുത്‌കെൽ, ചുത്വാഹി, കസ്തൂർമേട്ട, മസ്പൂർ, ഇറക്ഭട്ടി, മൊഹന്ദി, തെക്കൽഗുദം, പുവാർത്തി, ലഖാപാൽ, പുലൻപാഡ് എന്നീ ഗ്രാമങ്ങളിലാണ് ഇന്ന് ത്രിവർണ പതാക ഉയരുന്നത്. ഈ സ്ഥലങ്ങളിൽ ഒന്നും മുൻപ് ഇത്തരത്തിൽ ഒരു പരിപാടി നടന്നിട്ടില്ലെന്ന് ബസ്തർ റേഞ്ചിലെ, പൊലീസ് ഇൻസ്‌പെക്ടർ ജനറൽ പി.സുന്ദരരാജ് വ്യക്തമാക്കി. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന് ശേഷമാണ് ഇവിടെ പൊലീസിന്റെ സുരക്ഷാ ക്യാമ്പുകൾ സ്ഥാപിച്ചത്.
സമാധാനപരമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും, മേഖലയിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുമെല്ലാം സഹായിക്കുന്ന ഘടകമായി ഈ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. യുവാക്കളും മുതിർന്നവരുമെല്ലാം വലിയ പിന്തുണയാണ് ഇതിന് നൽകുന്നത്. സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് പ്രത്യേകിച്ച് വനവാസി വിഭാഗത്തിലുള്ളവരിലേക്ക് കൃത്യമായി എത്തിക്കുന്നതിന് ഈ ക്യാമ്പുകൾ പ്രയോജനപ്പെടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ കഴിഞ്ഞ 30 വർഷത്തോളമായി കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം ശക്തമായിരുന്നു. അതേസമയം റായ്പൂർ ഉൾപ്പെടെ എല്ലാ ജില്ലകളിലും സ്വാതന്ത്യദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. റായ്പൂരിലെ പൊലീസ് പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി വിഷ്ണു ദേവ് സായി ദേശീയ പതാക ഉയർത്തും. ഉപമുഖ്യമന്ത്രിമാരായ അരുൺ സാവോ ബിലാസ്പൂരിലും, വിജയ് ശർമ ജഗദൽപൂരിലും, കേന്ദ്ര സഹമന്ത്രി തോകൻ സാഹു ഭരത്പൂർ ജില്ലയിലും ദേശീയ പതാക ഉയർത്തും. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള ഇടങ്ങളിൽ സുരക്ഷ ശക്തമാക്കിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്.















