ലക്‌നൗ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഷയത്തിൽ വലിയ ആശങ്ക ഉണ്ടെന്ന് വ്യക്തമാക്കിയ യോഗിനാഥ്, ഇൻഡി സഖ്യത്തിലെ നേതാക്കൾക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു. വോട്ട് ബാങ്കിൽ മാത്രമാണ് ഇക്കൂട്ടർ കണ്ണ് നട്ടിരിക്കുന്നതെന്നും, ശബ്ദമുയർത്തിയാൽ അത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയന്നാണ് അവർ നിശബ്ദരായിരിക്കുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
” വിഭജനത്തിന്റെ ഭീകരത നമുക്ക് ഇന്നും കാണാൻ കഴിയും. ബംഗ്ലാദേശിലെ 1.5 കോടിയോളം വരുന്ന ഹിന്ദുക്കൾ ഇന്ന് ഭയന്ന് കരയുകയാണ്. ഈ ലോകവും നിശബ്ദത പാലിക്കുകയാണ്. ഇന്ത്യയിലുള്ള മതേതരവാദികളും ഒരക്ഷരം പോലും മിണ്ടുന്നില്ല. കാരണം ശബ്ദം ഉയർത്തിയാൽ അത് തങ്ങളുടെ വോട്ട് ബാങ്കിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് അവർ ഭയക്കുകയാണ്. പ്രതിപക്ഷ സഖ്യത്തിന് വോട്ട് ബാങ്കിന്റെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത്, അവർക്ക് മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളെ അറിയേണ്ട ആവശ്യമില്ല. അത് അറിയാനും അവർ ആഗ്രഹിക്കുന്നില്ല.
സ്വാതന്ത്ര്യത്തിന് ശേഷം ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് കോൺഗ്രസ് പ്രോത്സാഹിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ പിൻഗാമികളെന്ന പോലെയാണ് അവർ രാജ്യം ഭരിച്ചത്. വിഭജനകാലത്തെ ക്രൂരതകൾ തന്നെയാണ് ബംഗ്ലാദേശിലും ഇപ്പോൾ ആവർത്തിക്കുന്നത്. 10 ലക്ഷത്തോളം ഹിന്ദുക്കളെയാണ് അന്ന് കൊലപ്പെടുത്തിയത്. ഇന്നും അതേപോലെ തന്നെ തീവയ്പ്പും കൊള്ളയും ക്ഷേത്രങ്ങൾ നശിപ്പിക്കലുമെല്ലാം തുടരുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളും തുടരുന്നു. എപ്പോഴാണ് അവർ തെറ്റുകളിൽ നിന്ന് പാഠം പഠിക്കുന്നത് എന്നത് മാത്രം മനസിലാകുന്നില്ലെന്നും” യോഗി ആദിത്യനാഥ് പറയുന്നു.















