ന്യൂയോർക്ക്: ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഇന്ത്യയുമായും പ്രദേശത്തുള്ള മറ്റ് രാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും, അക്രമസംഭവങ്ങൾ അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ്. ഇതുമായി ബന്ധപ്പെട്ടുള്ള നയതന്ത്ര ചർച്ചകൾ നിലവിൽ നടത്തിയിട്ടില്ലെന്നും, ബംഗ്ലാദേശിലെ അക്രമസംഭവങ്ങൾ അവസാനിപ്പിച്ച് നിയമവാഴ്ച പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.
” ഈ വിഷയത്തിൽ ചർച്ച നടത്തുന്നതിനായി ഇന്ത്യയുമായും മേഖലയിലുള്ള മറ്റ് രാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ട്. അക്രമങ്ങൾ അവസാനിപ്പിക്കുക എന്നതിനാണ് എല്ലാക്കാലത്തും മുൻഗണന കൊടുക്കുന്നത്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുമെന്നാണ് ഇടക്കാല സർക്കാർ അറിയിച്ചിരിക്കുന്നത്. ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണെന്നും” വേദാന്ത് പട്ടേൽ പറഞ്ഞു.
അതേസമയം ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് സംരക്ഷണം ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ വൈറ്റ് ഹൗസിനോട് അഭ്യർത്ഥിച്ചു. ” ആക്രമണം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ തുടർച്ചയായി പുറത്ത് വരുന്നുണ്ട്. എന്നാൽ പ്രസിഡന്റ് ജോ ബൈഡൻ ഹിന്ദുക്കൾ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചിട്ടല്ല. ഈ അതിക്രമങ്ങളിൽ പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, ആന്റണി ബ്ലിങ്കൻ എന്നിവരുടെ മൗനം അംഗീകരിക്കാനാകില്ല. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വീടുകളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു. എന്നിട്ടും യുഎസ് സർക്കാർ വിഷയത്തെ അപലപിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും” ഫൗണ്ടേഷൻ പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു.
ബംഗ്ലാദേശിൽ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ഹിന്ദുക്കളെയാണ് അക്രമികൾ വലിയ തോതിൽ ലക്ഷ്യമിടുന്നതെന്ന് വാഷിംഗ്ടണിലെ എൻജിഒ ഹിന്ദു ആക്ഷൻ ആരോപിച്ചു. ” എല്ലാവരുടേയും നിശബ്ദത കൂടുതൽ ഹിന്ദുക്കളെ ലക്ഷ്യമിടാൻ ഇസ്ലാമിക തീവ്രവാദികൾക്ക് അവസരം നൽകുന്നത് പോലെയാണ്. ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ല. രാജ്യത്തെ എട്ട് ശതമാനം ഹിന്ദുക്കളും ഇല്ലാതായാൽ മറ്റൊരു താലിബാൻ രാഷ്‌ട്രമായി അത് മാറുമെന്ന് എല്ലാവരും മനസിലാക്കണമെന്നും” സംഘടനയുടെ കുറിപ്പിൽ പറയുന്നു.