ന്യൂഡൽഹി: പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ ഓർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരിതം അനുഭവിക്കുന്നവർക്കൊപ്പമാണ് രാജ്യം നിലകൊള്ളുന്നത്. ദുതിതബാധിതർക്ക് എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം വയനാട്ടിൽ നേരിട്ടെത്തി സ്ഥിതി വിലയിരുത്തിയാണ് മടങ്ങിയത്. ഇതിന് പിന്നാലെയാണ് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഇത്തരം പ്രകൃതി ദുരന്തങ്ങളിൽ ഇരയാകേണ്ടി വരുന്നവരുടെ കാര്യം പ്രധാനമന്ത്രി പരാമർശിച്ചത്. വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസം നൽകുന്നതായി മോദിയുടെ വാക്കുകൾ.
ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നൽകുമെന്നും പണം ഇതിന് തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചാണ് അദ്ദേഹം മടങ്ങിയത്. ദുരിതാശ്വാസ ക്യാമ്പുകളിലും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി കണ്ടിരുന്നു.
300 ലധികം ആളുകളുടെ ജീവൻ ഉരുൾപൊട്ടലിൽ പൊലിഞ്ഞിരുന്നു. നിരവധി പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.















