ഇസ്ലാമാബാദ്: 2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിൽ 14 ലക്ഷത്തോളം പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടതായി യുനെസ്‌കോ. 2021 ഓഗസ്റ്റ് 15ന് താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ച് മൂന്ന് വർഷം പിന്നിടുന്ന അവസരത്തിലാണ് യുനെസ്‌കോയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
പ്രൈമറി വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ കുറവ് വന്നതായും 11 ലക്ഷത്തോളം ആൺകുട്ടികളും പെൺകുട്ടികളും മാത്രമാണ് സ്‌കൂളിൽ പഠിക്കുന്നതെന്നും
യുനെസ്‌കോ വ്യക്തമാക്കി. സ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് പെൺകുട്ടികളെ വിലക്കുന്നതിലുള്ള ആശങ്കയും ഇവർ പങ്കുവച്ചു. ബാലവേല വർദ്ധിക്കുന്നതിനും, നേരത്തെയുള്ള വിവാഹങ്ങൾ നടക്കുന്നതിനും ഇത് കാരണമായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
” രണ്ട് പതിറ്റാണ്ട് കൊണ്ട് കൈവരിച്ച പുരോഗതിയാണ് അഫ്ഗാനിലെ പുതിയ ഭരണാധികാരികൾ വെറും മൂന്ന് വർഷം കൊണ്ട് ഇല്ലാതാക്കിയത്. രാജ്യത്തെ മുഴുവൻ തലമുറയുടേയും ഭാവി ഇപ്പോൾ ആശങ്കയിലാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ചെറിയ ക്ലാസ് മുതൽ കോളേജ് തലം വരെ 25 ലക്ഷത്തോളം പെൺകുട്ടികൾക്കാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടത്. പല രാജ്യങ്ങളും താലിബാൻ ഭരണകൂടത്തെ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. വലിയ രീതിയിലുള്ള ലിംഗ വിവേചനമാണ് ഇവിടെ നടക്കുന്നത്.
സെക്കൻഡറി വിദ്യാഭ്യാസം നേടുന്നതിൽ നിന്നും സർവകലാശാലകളിൽ പോകുന്നതിൽ നിന്നും സ്ത്രീകളേയും പെൺകുട്ടികളേയും തടയുന്ന ഏക രാജ്യം അഫ്ഗാനിസ്ഥാനാണ്. 2021 മുതൽ 14 ലക്ഷം പെൺകുട്ടികളെയാണ് സെക്കൻഡറി വിദ്യാഭ്യാസം നേടുന്നതിൽ നിന്നും അവർ തടഞ്ഞത്. 2023 ഏപ്രിലിൽ നടത്തിയ പരിശോധനയെ അപേക്ഷിച്ച് ഈ വർഷം മൂന്ന് ലക്ഷത്തിന്റെ വർദ്ധനവാണ് വന്നിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കാനും, സ്‌കൂളുകളും സർവ്വകലാശാലകളും വീണ്ടും പ്രവർത്തനസജ്ജമാകുന്നതിനും വേണ്ടി അന്താരാഷ്‌ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം. പ്രാഥമിക വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തിലും കുറവ് വന്നു. ആൺകുട്ടികളെ പഠിപ്പിക്കുന്നതിൽ നിന്ന് സ്ത്രീകളായ അദ്ധ്യാപകരെ വിലക്കുന്നതും അംഗീകരിക്കാനാകില്ല. 2021 ശേഷം സർവകലാശാലകളിൽ പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 53 ശതമാനത്തിന്റെ കുറവ് വന്നതായി” യുനെസ്‌കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പറയുന്നു.















