ചൂരൽമല: ഉരുളെടുക്കാതെ ചൂരൽമലയിൽ ബാക്കിയാക്കിയ ഒരു സമ്പാദ്യം കൂടി കണ്ടെടുത്തു. പ്ലാസ്റ്റിക് കവറിലിട്ട് കെട്ടി സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തിലധികം രൂപ. മലവെളളം കുത്തിയൊലിച്ചിറങ്ങിയ പാതയിൽ പാറക്കൂട്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകരാണ് കവറിൽ മണ്ണും ചെളിയും പിടിച്ചുകിടന്ന നോട്ടുകൾ കണ്ടെത്തിയത്.
100 ന്റെയും 500 ന്റെയും കെട്ടുകളായിട്ടാണ് നോട്ടുകൾ വച്ചിരുന്നതെന്ന് റീജിണൽ ഫയർ ഓഫീസർ റജീഷ് പറഞ്ഞു. അഞ്ഞൂറിന്റെ ഏഴ് കെട്ടും നൂറിന്റൈ അഞ്ച് കെട്ടുമാണ് ഉണ്ടായിരുന്നത്. ഏകദേശ ഊഹത്തിലാണ് നാല് ലക്ഷം രൂപയെങ്കിലും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്. വെള്ളാർമല സ്‌കൂളിന്റെ പിന്നിലുളള ഭാഗത്ത് നിന്നാണ് കവർ കണ്ടെത്തിയത്. പാറയുടെ ഇടയിൽ വെളളത്തിൽ കിടക്കുകയായിരുന്നു കവർ. അതുകൊണ്ടാണ് ഇത് ഒലിച്ചുപോകാതിരുന്നതെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടാഴ്ച കഴിഞ്ഞും മേഖലയിൽ തെരച്ചിൽ തുടരുകയാണ്. കല്ലുകൾക്കിടയിൽ എന്തെങ്കിലും ഉണ്ടോയെന്ന് അറിയാൻ പാറക്കല്ലുകൾക്കിടയിൽ പിക്കാസ് കൊണ്ട് മണ്ണ് കിളച്ചാണ് പരിശോധന. ഇതിനിടയിലാണ് കവർ ശ്രദ്ധയിൽപെട്ടത്. ബിസിനസ് ആവശ്യത്തിനോ മറ്റെന്തിങ്കിലും ആവശ്യത്തിനോ സൂക്ഷിച്ചിരുന്ന പണമാകാമെന്നാണ് നിഗമനം.
പണം പൊലീസ് കൺട്രോൾ റൂമിലേക്ക് കൈമാറും. നേരത്തെ മേഖലയിൽ നിന്ന് സമാനമായി സ്വർണവും കണ്ടെത്തിയിരുന്നു. നദി വഴിമാറി കുത്തിയൊഴുകിയ സ്ഥലമാണിവിടം. സ്‌കൂൾ റോഡാണ് ഏറ്റവും അപകടമുണ്ടായ സ്ഥലം. നിരവധി വീടുകൾ തകർന്നിരുന്നു.















