ടെഹ്‌റാൻ: ഇസ്രായേലിനെതിരായ പോരാട്ടത്തിൽ ഒരു രീതിയിലും പിന്നോട്ട് പോകാനോ വിട്ടുവീഴ്‌ച്ചയ്‌ക്കോ തയ്യാറല്ലെന്നും, അങ്ങനെ സംഭവിച്ചാൽ ദൈവകോപം ഉണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ടെഹ്‌റാനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനായി എത്തിയ ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്‌നം മൂർച്ഛിച്ചത്.
ഇസ്രായേലിനെതിരെ നീങ്ങാനുള്ള നീക്കം പുന:പരിശോധിക്കണമെന്നും, ആക്രമണം ഒഴിവാക്കണമെന്നും ഇറാന് മേൽ പല രാജ്യങ്ങളും സമ്മർദ്ദം ചെലുത്തിയിരുന്നു. ശത്രുവിന്റെ മനശാസ്ത്രപരമായ നീക്കമാണിതെന്നാണ് ഖമേനി ഇതിനെ വിശേഷിപ്പിച്ചത്. തുടർന്നാണ് ഒരു രീതിയിലും ഇസ്രായേലിനെ ആക്രമിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറില്ലെന്ന് ഖമേനി ആവർത്തിച്ചത്. അങ്ങനെ സംഭവിച്ചാൽ അത് ദൈവത്തിന്റെ ശിക്ഷയെ ക്ഷണിച്ചു വരുത്തുന്നതിന് തുല്ല്യമാണെന്നും ഖമേനി പറയുന്നു.
ഹനിയയുടെ മരണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാൻ ആരോപിക്കുന്നു. അമേരിക്ക ഉൾപ്പെടെയുളള രാജ്യങ്ങൾ മധ്യസ്ഥ നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഖമേനി പ്രതിഷേധം അറിയിച്ചത്. വലിയ ശക്തികളുടെ ആവശ്യങ്ങൾക്ക് വഴങ്ങുന്നവർ സ്വന്തം രാജ്യത്തിന്റെ ശക്തി തിരിച്ചറിയാതെ എതിരാളികളുടെ കഴിവിനെയാണ് മനസിലാക്കുന്നതെന്നും, സമ്മർദ്ദങ്ങളെ അതിജീവിക്കണമെന്നും ഖമേനി കൂട്ടിച്ചേർത്തു.
ഇറാന്റെ വികസനത്തിന് ചില ശക്തികൾ വഴിമുടക്കുകയാണെന്നും, അമേരിക്ക, ബ്രിട്ടൺ, ഇസ്രായേൽ എന്നീ ശത്രുക്കളുടെ ശക്തിയെ പെരുപ്പിച്ച് കാട്ടാനാണ് ഇവർ ശ്രമിക്കുന്നതെന്നും ആയത്തുള്ള ആരോപിച്ചു. ഒരു രീതിയിലും ഒത്തുതീർപ്പിനില്ലെന്നും അത്തരം നിർദ്ദേശങ്ങൾ തള്ളിക്കളയുകയാണെന്നും ഖമേനി അറിയിച്ചു. ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഖമേനിയുടെ നിലപാടിനെ പരസ്യമായി തന്നെ പിന്തുണച്ചിട്ടുണ്ട്. അതേസമയം ഇറാനിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ അതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേലും വ്യക്തമാക്കിയിട്ടുണ്ട്.















