ഗുവാഹത്തി : അഭയം തേടിയെത്തിയ ബംഗ്ലാദേശി ഹിന്ദു യുവാവിന് സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം നൽകി അസം. ബംഗ്ലാദേശിൽ നിന്നുള്ള ദുലൻ ദാസ് എന്ന വ്യക്തിയാണ് അസമിൽ സിഎഎ പ്രകാരം ആദ്യമായി പൗരത്വം നേടിയത്. 45കാരനായ ദുലൻ ദാസ് 1988-ലാണ് ബംഗ്ലാദേശിലെ സിൽഹെറ്റിൽ നിന്ന് അസമിലെ സിൽച്ചാറിൽ എത്തിയത് . ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം തനിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതായി കാണിച്ച് സന്ദേശം അയച്ചതായി അദ്ദേഹം പറയുന്നു. ഗുവാഹത്തിയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് പൗരത്വ സർട്ടിഫിക്കറ്റ് വാങ്ങാൻ സന്ദേശത്തിൽ നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് ദുലൻ ദാസ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചത്. സിൽഹറ്റിൽ തങ്ങളുടെ കുടുംബം ഒന്നിനുപുറകെ ഒന്നായി ആക്രമിക്കപ്പെട്ടുവെന്ന് ദുലൻ പറഞ്ഞു. തുടർന്നാണ് 1988-ൽ അദ്ദേഹത്തിന്റെ കുടുംബം അസമിലേക്ക് പലായനം ചെയ്തത് . 1996 മുതൽ ദുലനും കുടുംബാംഗങ്ങളും അസമിൽ സ്ഥിരമായി വോട്ട് ചെയ്യുന്നുണ്ട്. എല്ലാവർക്കും ആധാർ കാർഡ് ഉണ്ട്. അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ അല്ലെങ്കിൽ എൻആർസി അവതരിപ്പിച്ചപ്പോൾ, ആ പട്ടികയിൽ ഇടം കണ്ടെത്തുന്നത് ദുലനും കുടുംബത്തിനും ബുദ്ധിമുട്ടായിരുന്നു. എൻആർസിക്ക് അപേക്ഷിക്കുന്നതിന് പകരം സിഎഎയ്‌ക്ക് വേണ്ടി കാത്തിരിക്കാൻ സിൽച്ചാറിൽ നിന്നുള്ള അഭിഭാഷകൻ ഉപദേശിച്ചതായും അദ്ദേഹം ദുലൻ ദാസ് പറയുന്നു.
വോട്ടർ കാർഡ്, ആധാർ കാർഡ് എന്നിവ കൂടാതെ നിരവധി ഇന്ത്യൻ രേഖകളും ദുലാന്റെ പക്കലുണ്ട്. അദ്ദേഹത്തിന്റെ രണ്ട് മക്കളും ഇന്ത്യയിലാണ് ജനിച്ചത്. 2000-ത്തിന്റെ തുടക്കത്തിൽ അദ്ദേഹം സിൽച്ചാറിൽ കുറച്ച് ഭൂമിയും വാങ്ങിയിരുന്നു.