വിവാഹപ്രായം കുറയ്‌ക്കാനുള്ള ശ്രമത്തിലാണ് ഇറാഖ്. പെൺകുട്ടികൾക്ക് വിവാഹത്തിന് അനുമതി നൽകുന്ന നിയമപരമായ പ്രായം 18 ആണെന്നിരിക്കെ ഇത് ഒമ്പതാക്കി ചുരുക്കാനുള്ള നടപടികളാണ് ഇറാഖ് പാർലമെന്റിൽ പുരോഗമിക്കുന്നത്. നിരവധി മനുഷ്യാവകാശ പ്രവർത്തകർ ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലും ബില്ലിനെതിരെ വിമർശനം ശക്തമാണ്. ഇതിനൊപ്പം 2013ൽ റിപ്പോർട്ട് ചെയ്ത മരണവാർത്തയാണ് വീണ്ടും ചർച്ചയായിരിക്കുന്നത്.
എട്ട് വയസുള്ള യെമനി പെൺകുട്ടി വിവാഹദിവസം രാത്രി ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. യൂറോപ്യൻ യൂണിയൻ അടക്കം ഇടപെട്ട സംഭവം 2013 സെപ്റ്റംബറിലായിരുന്നു റിപ്പോർട്ട് ചെയ്തത്.
കുട്ടിയേക്കാൾ അഞ്ചിരട്ടി പ്രായമുള്ള 40-കാരനായിരുന്നു വരൻ. യെമനിലെ ഉത്തരപടിഞ്ഞാറൻ മേഖലയിലുള്ള ഹജ്ജാ പ്രവിശ്യയിലെ മീദി ടൗണിലായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് അന്നേദിവസം രാത്രി കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടാവുകയായിരുന്നു. ഗർഭാശയത്തിന് ആഴത്തിൽ മുറിവേറ്റ പെൺകുട്ടി രക്തസ്രാവത്തെ തുടർന്ന് മരിക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ വരന്റെ കുടുംബത്തിനെതിരെയോ പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെയോ അധികൃതർ നടപടി സ്വീകരിച്ചില്ല. ഇതോടെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത് വരികയും സംഭവം വൻ വിവാദമാവുകയുമായിരുന്നു.
റോയിട്ടേഴ്സ്, ബിബിസി അടക്കമുള്ള അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ വാർത്ത റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയെ വളർത്തി വലുതാക്കുന്നതിനുള്ള ചെലവ് ഇല്ലാതാക്കാനും സ്ത്രീധനം കൊടുക്കുന്നത് ഒഴിവാക്കാനും കുട്ടികളെ ചെറുപ്രായത്തിൽ വിവാഹം കഴിപ്പിക്കുന്ന രീതി യെമനിൽ പതിവായിരുന്നു എന്നാണ് പിന്നീട് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ 52 ശതമാനം പെൺകുട്ടികളും 18 വയസിന് മുൻപ് വിവാഹം കഴിക്കാൻ നിർബന്ധിതരാവുന്നവരായിരുന്നു. 14 ശതമാനം പേർ 15 വയസിന് മുൻപ് വിവാഹം കഴിക്കുന്നവരാണ്. പ്രായപൂർത്തിയാകുന്നതോടെ പെൺകുട്ടികളെ സ്കൂളിൽ പോകുന്നത് തടയുന്നതായിരുന്നു രീതി.
ഏകദേശം 10 വർഷങ്ങൾക്ക് മുൻപ് യെമനിൽ നടന്ന ഈ സംഭവമാണ് ഇറാഖിൽ പുതിയ നിയമം നടപ്പിലാക്കാൻ പോകുന്ന സാഹചര്യത്തിൽ വീണ്ടും ചർച്ചയാവുന്നത്.















