ന്യൂഡൽഹി: കുവൈത്ത് സന്ദർശനത്തിനൊരുങ്ങി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഓഗസ്റ്റ് 18 ന് ആയിരിക്കും സന്ദർശനം ഉണ്ടായിരിക്കുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സന്ദർശന വേളയിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്‌യയുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തും.ഇതിനു പുറമേ കുവൈത്ത് നേതൃത്വവുമായും ബന്ധപ്പെടും.
“രാഷ്‌ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജം, സുരക്ഷ, സാംസ്‌കാരികം, ജനങ്ങളുമായുള്ള സമ്പർക്കം തുടങ്ങീ ഉഭയകക്ഷി ബന്ധങ്ങളുടെ വിവിധ വശങ്ങൾ അവലോകനം ചെയ്യുന്നതിനും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനും വിദേശകാര്യമന്ത്രിയുടെ കുവൈത്ത് സന്ദർശനം സഹായിക്കും,”വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
അടുത്തിടെയാണ് വിദേശകാര്യമന്ത്രി മാലദ്വീപ് സന്ദർശനം പൂർത്തിയാക്കിയത്. മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീറുമായി കൂടികാഴ്ച നടത്തിയ വിദേശകാര്യമന്ത്രി അവിടെ ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്യുകയും മാലദ്വീപ് വിദേശകാര്യ മന്ത്രിയുമായി ധാരണാപത്രങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 10 ന് അദ്ദേഹം മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.