കോട്ടയം: ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷം സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽതല്ലി. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ മത്സരത്തിന് ശേഷമായിരുന്നു തമ്മിലടി.
കോഴഞ്ചേരി സെന്റ് തോമസ്, കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളാണ് തമ്മിലടിച്ചത്. മത്സരത്തിൽ വിജയം കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ ടീമിനായിരുന്നു. ഇതിനെ ചൊല്ലിയായിരുന്നു തർക്കവും തമ്മിലടിയും. അദ്ധ്യാപകരും നാട്ടുകാരും ഇടപെട്ടെങ്കിലും കൂട്ടയടി രൂക്ഷമായി. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പൊലീസ് കേസെടുത്തിട്ടില്ലെങ്കിലും അന്വേഷണം നടത്തുന്നുണ്ട്.