ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്ത താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുടുംബാംഗങ്ങളോടൊപ്പം കാണാനായതിന്റെ സന്തോഷം പങ്കുവച്ച് ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറായി വിരമിച്ച പി.ആർ.ശ്രീജേഷ്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് ശേഷം പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങളുമായി തന്റെ ഔദ്യോഗിക വസതിയിൽ വച്ചാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഇതിന് ശേഷമാണ് കുടുംബാംഗങ്ങളോടൊപ്പം ശ്രീജേഷ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
സമൂഹമാദ്ധ്യമത്തിലൂടെ ഇതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന്റെ ഏറ്റവും നല്ല ദിവസമെന്നാണ് ചിത്രത്തിന് ശ്രീജേഷ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചിട്ടുണ്ട്. ശ്രീജേഷിന്റെ മാതാപിതാക്കൾ, ഭാര്യ, മക്കൾ, സഹോദരൻ എന്നിവരേയും പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രത്തിൽ കാണാം.
സ്വാതന്ത്ര്യദിനത്തിലെ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം നടത്തിയ കൂടിക്കാഴ്ചയിൽ മെഡൽ ജേതാക്കളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ഹോക്കി താരങ്ങൾ ഒപ്പിട്ട ജേഴ്സി ശ്രീജേഷ് പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകുകയും ചെയ്തിരുന്നു. ഹോക്കി ടീം ക്യാപ്റ്റനായ ഹർമൻ പ്രീത് സിംഗ് ഹോക്കി സ്റ്റിക്ക് ആണ് സമ്മാനിച്ചത്. ഇതിന് ശേഷം ടീം അംഗങ്ങളോടൊപ്പം നിന്ന് പ്രധാനമന്ത്രി ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.