കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിന് നേരെ ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി. സർക്കാർ സംവിധാനത്തിന്റെ സമ്പൂർണ പരാജയമാണ് കഴിഞ്ഞ ദിവസം കാണാനായതെന്ന് കോടതി വിമർശിച്ചു. ആക്രമണം സംബന്ധിച്ച് തുടര്‍ച്ചയായി മെയിലുകളിലൂടെ ഉൾപ്പെടെ പരാതി ലഭിച്ചുവെന്നും, അതിനാലാണ് കേസ് ഇന്ന് അടിയന്തരമായി പരിഗണിക്കാനെടുത്തതെന്നും കോടതി വ്യക്തമാക്കി.
ആശുപത്രിയിൽ എന്താണ് സംഭവിച്ചത് എന്നത് വ്യക്തമാക്കണമെന്നാണ് കോടതി ആദ്യം ആവശ്യപ്പെട്ടത്. ഏഴായിരത്തോളം ആളുകൾ കൂട്ടമായാണ് ആശുപത്രിയിലേക്ക് എത്തിയതെന്നും, പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്നും പൊലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നുവെന്നും ഇവിടേക്ക് അക്രമികൾക്ക് കടക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് സംസ്ഥാനത്തിന്റെ വാദം. തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയാണ് അക്രമികൾ എത്തിയതെന്ന വാദം തള്ളിക്കൊണ്ടായിരുന്നു വിശദീകരണം.
എന്നാൽ ഇൗ അവസരത്തില്‍ ഇത്തരമൊരു പ്രതിഷേധത്തിന് അനുമതി നൽകിയതിന് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ” സാധാരണ രീതിയിൽ പൊലീസിന് രഹസ്യാന്വേഷണ വിഭാഗമുണ്ട്. 7000ത്തോളം പേർ ഒത്തുകൂടിയെന്നാണ് പറയപ്പെടുന്നത്. ഇത്രയും ആൾക്കാർ ഒത്തുകൂടിയത് പൊലീസ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ പ്രതിഷേധത്തിന് അനുമതി നൽകിയിരുന്നില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്.
പിന്നാലെയാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. സർക്കാർ സംവിധാനങ്ങളുടെ സമ്പൂർണ പരാജയമാണിതെന്ന് കോടതി വിമർശനം ഉന്നയിച്ചു. പൊലീസിന് സ്വന്തം ആളുകളെ പോലും സംരക്ഷിക്കാൻ സാധിച്ചില്ല എന്നത് പരിതാപകരമായ അവസ്ഥയാണ്. അവിടെ എങ്ങനെയാണ് ഡോക്ടർമാർ ധൈര്യപൂർവ്വും ജോലി ചെയ്യുകയെന്നും കോടതി ചോദിച്ചു. ഭാവിയിലേക്ക് എന്തൊക്കെ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നത് അറിയിക്കണമെന്നും കോടതി പറഞ്ഞു.
പൊലീസ് പ്രതിഷേധക്കാർക്ക് പിന്നിൽ ഒളിച്ചിരിക്കുകയാണെന്നായിരുന്നു രക്ഷിതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനായ ബികാഷ് രഞ്ജൻ ഭട്ടാചാര്യയുടെ പരിഹാസം. അതേസമയം ഇന്നലെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിലുണ്ടായിരുന്ന നിരവധി രേഖകൾ ഉൾപ്പെടെ അക്രമികൾ നശിപ്പിച്ചിരുന്നു.















