ടോക്കിയോ: ജപ്പാനിൽ തീരത്തേക്ക് ആമ്പിൽ ചുഴലിക്കാറ്റ് അടുക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം. ടോക്കിയോ തീരത്തേക്ക് ചുഴലിക്കാറ്റ് പ്രവേശിക്കാൻ പോകുന്നതിനാൽ തീരപ്രദേശത്തുള്ള വീടുകളിൽ ശക്തമായ മഴ പെയ്തിരുന്നു. കാറ്റും പേമാരിയും കാരണം വീടുകളിലെ വൈദ്യുതി ബന്ധം നിലച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ തീരത്തിനടുത്ത് താമസിക്കുന്ന ആയിരക്കണക്കിന് പേരോട് ഒഴിഞ്ഞുപോകാനാണ് അധികൃതരുടെ നിർദേശം.
ജോയിൻ്റ് ടൈഫൂൺ വാണിംഗ് സെൻ്റർ (ജെടിഡബ്ല്യുസി) അനുസരിച്ച് ഗ്രേറ്റർ ടോക്കിയോയിലെ യോകോസുകയിൽ നിന്ന് 121 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കൊടുങ്കാറ്റ് കാറ്റഗറി 4 ചുഴലിക്കാറ്റിന് തുല്യമായി ശക്തി പ്രാപിച്ചതായും ഇത് 18 കി.മീ (11 മൈൽ) വേഗതയിൽ വടക്കോട്ട് നീങ്ങുമ്പോൾ മണിക്കൂറിൽ 212 കിലോമീറ്റർ (131 മൈൽ) വേഗതയിൽ കാറ്റ് വീശിയടിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ രണ്ട് ദിവസം ആമ്പിൽ ചുഴലിക്കാറ്റ് അതിവേഗം ശക്തി പ്രാപിച്ചതായും അടുത്ത 12 മണിക്കൂർ ഇത് ശക്തമായി തുടരുമെന്നുമാണ് അറിയിപ്പ്. ജപ്പാന് തീരത്തിന് സമീപം കടന്നുപോകുമ്പോൾ കൊടുങ്കാറ്റ് അതിന്റെ ഉച്ചസ്ഥായിയിലെത്താൻ സാധ്യതയുണ്ടെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് തീരദേശ നഗരമായ ഇസുമിയിലെ അധികാരികൾ ഏകദേശം 17,000 വീടുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവിടെയുള്ളവർ എത്രയും വേഗം മാറിത്താമസിക്കണമെന്നാണ് ഉത്തരവ്. പ്രായമായവർ, വികലാംഗർ തുടങ്ങിയവരോട് സുരക്ഷിത സ്ഥലങ്ങളിൽ അഭയം തേടാനും അഭ്യർത്ഥിച്ചിട്ടുണ്ട്.
കൊടുങ്കാറ്റിനെത്തുടർന്ന് മേഖലയിലെ റെയിൽവേ സർവീസുകളും വിമാന സർവീസുകളും വെള്ളിയാഴ്ച റദ്ദാക്കി. രാജ്യത്തെ പ്രധാന എയർലൈനുകളായ ജപ്പാൻ എയർലൈൻസും ഓൾ നിപ്പോൺ എയർവേയ്സും 500 ഓളം വിമാനസർവീസുകളാണ് റദ്ദാക്കിയത്.