ദുബായ്: യുപിഐ പേയ്‌മെൻറ് സംവിധാനവുമായി ലുലു ഗ്രൂപ്പ്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യാ ഉത്സവിലാണ് യുഎഇയിലെ ലുലു മാളുകളിലും ലുലു സ്റ്റോറുകളിലും യുപിഐ പേയ്‌മെൻറ് സംവിധാനം അവതരിപ്പിച്ചത്.
മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അബുദാബി അൽ വഹ്ദ മാളിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ.അമർനാഥ് ആദ്യ യുപിഐ ഇടപാട് നിർവ്വഹിച്ചു. ജി-പേ, ഫോൺ പേ, പേടിഎം പോലുള്ള യുപിഐ പവേർഡ് ആപ്പ് ഉപയോഗിച്ച് പേയ്‌മെൻറുകൾ നടത്തുന്നതിന് പിഒഎസ് മെഷീനുകളിൽ ഇപ്പോൾ ക്യൂആർ കോഡ് സ്‌കാൻ ചെയ്യാം. യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യുന്നതാണ് ഈ സൗകര്യം. ഇതുകൂടാതെ ഉപഭോക്താക്കൾക്ക് അവരുടെ RuPay കാർഡ് ഉപയോഗിച്ചും പേയ്‌മെൻറുകൾ നടത്താം.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധം അടിസ്ഥാനമാക്കിയാണ് ലുലു മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള മികച്ച ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും. അരി, പരമ്പരാഗത പ്രാതൽ വിഭവത്തിനുള്ള പൊടികൾ, ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മാംസങ്ങൾ, റെഡി ടു കുക്ക് ലഘുഭക്ഷണങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവയ്‌ക്ക് കിഴിവ് ലഭിക്കും. ചടങ്ങിൽ ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപവാല, അബുദാബി മേഖല ഡയറക്ടർ ടി.പി അബൂബക്കർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.