ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയറിയിച്ച് ഷൂട്ടിങ് പരിശീലകൻ ഗഗൻ നരംഗ്. അവൾ ഒരു ചാമ്പ്യനായാണ് ഗെയിംസ് വില്ലേജിലെത്തിയതെന്നും എന്നും അവർ ഒരു ചാമ്പ്യനായി തന്നെ തുടരുമെന്നുമായിരുന്നു നരംഗിന്റെ വാക്കുകൾ. രാജ്യത്തിന്റെ സ്വർണ മെഡൽ പ്രതീക്ഷയായി ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും അവസാന നിമിഷം ശരീരഭാരത്തിലെ നേരിയ വ്യത്യാസത്തിന്റെ പേരിൽ വിനേഷ് അയോഗ്യക്കപ്പെടുകയായിരുന്നു.
വിനേഷ് ഫോഗട്ടിനൊപ്പം ഗെയിംസ് വില്ലേജിൽ നിന്നുമെടുത്ത ചിത്രത്തിനൊപ്പമാണ് താരത്തെ അഭിനന്ദിച്ചും പിന്തുണ അറിയിച്ചുമുള്ള കുറിപ്പ് നരംഗ് പങ്കുവച്ചിരിക്കുന്നത്. “അവൾ ആദ്യ ദിനം ഗെയിംസ് വില്ലേജിലെത്തിയത് ഒരു ചാമ്പ്യനായാണ്, എല്ലായ്പ്പോഴും അവൾ ഒരു ചാമ്പ്യനായി തന്നെ തുടരും. ആയിരങ്ങളുടെ സ്വപ്നങ്ങൾക്ക് പ്രചോദനമാകാൻ ചിലപ്പോൾ ഒരു ഒളിമ്പിക് മെഡലിന്റെ ആവശ്യമില്ല. വിനേഷ് ഫോഗട്ട് നിങ്ങൾ തലമുറകളെയാണ് പ്രചോദിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ സല്യൂട്ട്,” ഗഗൻ നരംഗ് കുറിച്ചു.
She came as a champion on day 1 into the games village and she will always remain our champion .
Sometimes one doesn’t need an Olympic medal to inspire a billion dreams.. @vineshphogat you have inspired generations. .
Salute to your grit 🫡 pic.twitter.com/8m6zQVSS2L— Gagan Narang (@gaGunNarang) August 17, 2024
പാരിസ് ഒളിമ്പിക്‌സിൽ 50 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. എന്നാൽ ഫൈനൽ ദിനം നടത്തിയ ഭാരപരിശോധനയിൽ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്ന് കണ്ടതോടെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കുകയായിരുന്നു. വെളളി മെഡൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കായിക കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം അപ്പീൽ തളളി. ഇതോടെയാണ് വിനേഷ് ഫോഗട്ട് നാട്ടിലേക്ക് മടങ്ങിയത്.
ഇന്ന് രാവിലെ ഡൽഹി വിമാനത്താവളത്തിലെത്തിയ വിനേഷിനെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന ജനാവലിയാണ് സ്വീകരിച്ചത്. വിനേഷിനെ എടുത്തുയർത്തിയാണ് ജനങ്ങൾ സന്തോഷം പങ്കിട്ടത്. സ്വീകരണത്തിലുടനീളം താരം വികാരാധീനയായി കാണപ്പെട്ടു. വിമാനത്താവളത്തിന് പുറത്തെ വാഹന റാലിയിൽ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്‌രംഗ് പൂനിയ എന്നിവരും വിനേഷിനൊപ്പമുണ്ടായിരുന്നു.















